അങ്കം മുറുക്കി ഓല; പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന് വില ₹79,999

രണ്ടു പുതിയ സ്‌കൂട്ടറുകളും 2 രണ്ടാം തലമുറ മോഡലുകളുമെത്തി, ഇലക്ട്രിക് ബൈക്ക് അടുത്ത വര്‍ഷം

Update:2023-08-16 12:53 IST

Ola S1X/Image: olaelectric.com

ഇരുചക്ര വൈദ്യുത വാഹന വിപണിയില്‍ പോര് മുറുക്കാന്‍ ഓല ഇലക്ട്രിക്. ഒരു ലക്ഷം രൂപയില്‍ താഴെ വിലവരുന്ന മൂന്നു മോഡലുകളാണ് S1X എന്ന പുതിയ ശ്രേണിയില്‍ ഓല അവതരിപ്പിച്ചിരിക്കുന്നത്. പുതിയ മോഡലുകള്‍ക്ക് അവതരണ ഓഫറായി ആദ്യ ആഴ്ച 10,000 രൂപ കിഴിവും ഓല അവതരിപ്പിച്ചിട്ടുണ്ട്. ഹീറോ അടക്കി വാണിരുന്ന വൈദ്യുത ഇരുചക്ര വാഹന വിപണിയില്‍ വേറിട്ട തന്ത്രങ്ങളുമായാണ് ഓല മുന്നേറ്റം നടത്തിയത്. ഇപ്പോഴിതാ വീണ്ടും മറ്റ് കമ്പനികളോട് കൊമ്പ് കോര്‍ക്കാന്‍ ഏറ്റവും കുറഞ്ഞ വിലയില്‍ പുതിയ മോഡലുകളുമായി എത്തിയിരിക്കുന്നു.

ഓഫർ സെപ്റ്റംബര്‍ 21 വരെ
 

 2 കിലോവാട്ട് ബാറ്ററിയോടുകൂടിയ S1X 79,999 രൂപയ്ക്കാണ് ഇപ്പോള്‍ ലഭിക്കുക. സെപ്റ്റംബര്‍ 21ന് ശേഷം ഇത് 89,999 രൂപയാകും. ഉടന്‍ ബുക്കിംഗ് ആരംഭിക്കുന്ന ഈ മോഡല്‍ ഡിസംബര്‍ മുതല്‍ ലഭ്യമായി തുടങ്ങുമെന്നാണ് കമ്പനി അറിയിക്കുന്നത്. ദിവസേന 10-20 കിലോമീറ്റര്‍ ദൂരത്തില്‍ യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടുള്ളതാണ് എന്‍ട്രി ലെവല്‍ വകഭേദം.
S1Xന്റെ മൂന്ന് കിലോവാട്ട് ബാറ്ററിയുള്ള മോഡലിന് 89,999 രൂപയാണ് അവതരണ ഓഫര്‍. പിന്നീട് അത് 99,999 രൂപയാകും. ഇതുകൂടാതെ S1X പ്ലസ് എന്നൊരു മോഡല്‍ കൂടിയുണ്ട്. 99,999 രൂപയാണ് തുടക്കത്തില്‍ ഇതിന്റെ വില. പിന്നീട് 1,09,999 രൂപയാകും. ഈ മോഡലും ഉടന്‍ ബുക്കിംഗ് ആരംഭിക്കും. സെപ്റ്റംബറോടെ ലഭ്യമായി തുടങ്ങും.
S1X, S1X പ്ലസ് മോഡലുകളില്‍ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ്‌വെയറുകളിലും കണക്ടിവിറ്റി സംവിധാനങ്ങളിലും വ്യത്യാസമുണ്ട്. ഒറ്റ ചാര്‍ജില്‍ 151 കിലോമീറ്റര്‍ ദൂരം ഓടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 90 കിലോമീറ്ററാണ് പരമാവധി വേഗം (top speed).
രണ്ടാം തലമുറയും
ഓലയുടെ ഇതിനകം തന്നെ ശ്രദ്ധനേടിയിട്ടുള്ള മോഡലായ എസ് 1 പ്രോ, എസ് 1 എയര്‍ എന്നിവയുടെ പുതുതലമുറ പതിപ്പുകളും പുറത്തിറക്കിയിട്ടുണ്ട്. എസ് 1 പ്രോയില്‍ 11 കിലോവാട്ട് മോട്ടോറാണ് സജീകരിച്ചിരിക്കുന്നത്. 2.6 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ 
വേഗം 
കൈവരിക്കാനാകും. പരമാവധി വേഗം മണിക്കൂറില്‍ 120 കിലോമീറ്റര്‍. ഓല പുറത്തിറക്കുന്ന മോഡലുകളില്‍ ഏറ്റവും ഉയര്‍ന്ന മോഡലായ ഇതിന്റെ വില 1,47,999 രൂപയാണ്. സെപ്റ്റംബര്‍ പകുതിയോടെ ഡെലിവറി ആരംഭിക്കും.
ഇതുകൂടാതെ ഡയമണ്ട് ഹെഡ്, അഡ്വഞ്ചര്‍, റോഡ്‌സ്റ്റര്‍, ക്രൂയ്‌സര്‍ എന്നീ  ഇലക്രിക് മോട്ടോർ സൈക്കിളുകളും (ബൈക്ക്) ഓല പരിചയപ്പെടുത്തി. 2024 അവസാനം ഇവ വിപണിയിലെത്തും. 
Tags:    

Similar News