മൂന്നു വര്‍ഷം കൊണ്ട് മൂന്ന് ബില്യണ്‍ ഡോളറിലെത്തി ഒല ഇലക്ട്രിക്

സോഫ്റ്റ്ബാങ്ക് കഴിഞ്ഞ ദിവസം നിക്ഷേപിച്ചത് 200 ദശലക്ഷം ഡോളര്‍

Update: 2021-10-01 07:15 GMT

അടുത്തിടെ വൈദ്യുത സ്‌കൂട്ടറുകള്‍ നിരത്തിലിറക്കി ശ്രദ്ധേയരായ ഒല ഇലക്ട്രികിന്റെ വളര്‍ച്ചയില്‍ മറ്റൊരു നാഴികക്കല്ല്. ജപ്പാനീസ് ടെക് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയായ സോഫ്റ്റ്ബാങ്ക് 200 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചതോടെ ഒല ഇലക്ട്രിക്കിന്റെ മൂല്യം മൂന്ന് ശതകോടി ഡോളറായി.

കഴിഞ്ഞ മാസം തുടക്കത്തിലാണ് ഒല ഇലകട്രിക്കലില്‍ നിന്നുള്ള ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലെത്തിയത്. വില്‍പ്പന ആരംഭിച്ചപ്പോള്‍ ഒരു സെക്കന്‍ഡില്‍ നാല് സ്‌കൂട്ടറുകള്‍ വീതം വിറ്റു പോയെന്നാണ് കമ്പനിയുടെ അവകാശവാദം. 150 ദശലക്ഷം ഡോളറിന്റെ വില്‍പ്പന നടന്നുവെന്നും കമ്പനി പറയുന്നു.
ഇത് രണ്ടാം തവണയാണ് സോഫ്റ്റ്ബാങ്ക് ഒല ഇലക്ട്രിക്കില്‍ നിക്ഷേപം നടത്തുന്നത്. നേരത്തെ 250 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചിരുന്നു. ഇതേതുടര്‍ന്ന് ഒല ഇലക്ട്രിക്കിന്റെ മൂല്യം 2019 ല്‍ ഒരു ബില്യണ്‍ ഡോളറായിരുന്നു.
ബംഗളൂരുവില്‍ ലോകത്തെ ഏറ്റവും വലിയ ഇലക്ട്രിക് വെഹിക്ക്ള്‍ പ്ലാന്റ് നിര്‍മിച്ച ഒല അടിസ്ഥാന സൗകര്യ വികസനത്തിനാണ് തുക വിനിയോഗിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
മൂന്നു വര്‍ഷം മുമ്പ് സ്ഥാപിതമായ ഒല ഇലക്ട്രിക്കല്‍ ഏഴ് ഫണ്ടിംഗ് റൗണ്ടുകളിലായി ഇതിനകം 600 ദശലക്ഷം ഡോളര്‍ നിക്ഷേപം നേടിയിട്ടുണ്ട്. ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണി വരും വര്‍ഷങ്ങളില്‍ ആകര്‍ഷകമാകുമെന്ന കണക്കുക്കൂട്ടലില്‍ ആഗോള നിക്ഷേപകര്‍ ഈ മേഖലയിലെ ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യം കാട്ടുന്നുണ്ട്.


Tags:    

Similar News