'ഓല'യുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പുതുവര്‍ഷമെത്തും
ഒറ്റ ചാര്‍ജില്‍ 240 കിലോമീറ്ററോളം സഞ്ചരിക്കാവുന്ന വാഹനം ഇന്ത്യയില്‍ നിര്‍മിക്കാനും പദ്ധതി.
ഓണ്‍ലൈന്‍ ടാക്‌സി മേഖലയിലെ മുന്‍നിരക്കാരായ 'ഓല' വൈദ്യുത സ്‌കൂട്ടര്‍ പുറത്തിറക്കുന്നു. ഇത്തരമൊരു ഉദ്യമത്തിന് കമ്പനിക്ക് നേരത്തെ പദ്ധതി ഉണ്ടായിരുന്നുവെങ്കിലും സ്‌കൂട്ടര്‍ പുതുവര്‍ഷത്തില്‍ പുറത്തിറക്കുമെന്നാണ് സൂചന. നെതര്‍ലന്‍ഡ്‌സിലെ ഫാക്ടറിയില്‍ തുടക്കത്തില്‍ ഓല വൈദ്യുത സ്‌കൂട്ടറുകള്‍ ഉല്‍പ്പാദനത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോഞ്ചിന്റെ ആദ്യഘട്ടത്തില്‍ തന്നെ യൂറോപ്പിനൊപ്പം ഇന്ത്യയിലും വില്‍പ്പനയ്‌ക്കെത്തുമെന്നാണ് അറിയുന്നത്. ഒറ്റ ചാര്‍ജില്‍ 240 കിലോമീറ്റര്‍ വരെ പോകാമെന്നതാണ് ഈ സ്‌കൂട്ടറിന്റെ ഹൈലൈറ്റ് ആയി കമ്പനി ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍ ഓല ഇതുവരെ തങ്ങളുടെ ഇ- സ്‌കൂട്ടര്‍ വിപണിയില്‍ എത്തിക്കുന്നതിനെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല. റൈഡ് ഹെയ്‌ലിംഗ് കമ്പനിയായ ഓല കാബ്‌സിന്റെ വൈദ്യുത വാഹന വിഭാഗമാണ് സ്‌കൂട്ടര്‍ പുറത്തിറക്കുന്ന ഓല ഇലക്ട്രിക്. സ്‌കൂട്ടറുകളുടെ നിര്‍മാണ പദ്ധതിയുടെ ഭാഗമായി ആംസ്റ്റര്‍ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏറ്റെര്‍ഗൊ ബി വിയെ കഴിഞ്ഞ 2020 മെയില്‍ മേയില്‍ ഓല ഇലക്ട്രിക് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
വൈദ്യുത സ്‌കൂട്ടര്‍ രൂപകല്‍പ്പനയ്ക്കും നിര്‍മാണത്തിനുമുള്ള അധിക ശേഷി കൈവന്നെന്നു പ്രഖ്യാപിച്ച ഓല ഏറ്റെടുക്കലിനെ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിരുന്നില്ല. പ്രതിവര്‍ഷം രണ്ടു കോടിയോളം യൂണിറ്റ് വില്‍പ്പന കൈവരിക്കുന്ന ടൂ വീലര്‍ വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങളോട് പ്രിയമേറുന്ന ട്രെന്‍ഡ് മനസ്സിലാക്കി മുന്‍നിരയിലെത്താനാണ് ഓലയുടെ ലക്ഷ്യം.
തുടക്കത്തില്‍ നെതര്‍ലന്‍ഡ്‌സില്‍ നിര്‍മിച്ച ഇ സ്‌കൂട്ടറുകള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്തു വില്‍ക്കാനാണ് ഓല ഇലക്ട്രിക് ആലോചിക്കുന്നത്. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയില്‍ പങ്കാളിയായി പ്രാദേശികമായി ഇരുചക്രവാഹന നിര്‍മാണം ആരംഭിക്കാനും ഓല ഒരുങ്ങുന്നുന്നതായി സൂചനയുണ്ട്. ആദ്യ വര്‍ഷം തന്നെ 10 ലക്ഷം ഇ സ്‌കൂട്ടറുകള്‍ വിപണിയിലെത്തിക്കാനാവുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
പ്രതിവര്‍ഷം 20 ലക്ഷം യൂണിറ്റ് ഉല്‍പ്പാദനശേഷിയോടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ ഇ സ്‌കൂട്ടര്‍ നിര്‍മാണ ശാല സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു വിവിധ സംസ്ഥാന സര്‍ക്കാരുകളുമായി കമ്പനി ചര്‍ച്ചയിലാണെന്നുമാണ് വിവരം. അതേ സമയം ഓണ്‍ലൈന്‍ ടാക്‌സി കമ്പനിയായ ഉബറും ഇലക്ട്രിക് വാഹനങ്ങളുടെ പിന്നാലെയാണ്. കൊല്‍ക്കത്തയില്‍ 500 ഇ- റിക്ഷകള്‍ ഇറക്കുമെന്നാണ് ഉബര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.