തമിഴ്‌നാട്ടില്‍ ഏറ്റവും വലിയ പ്ലാന്റ് ഒരുങ്ങുമ്പോള്‍, ഒല ഇലക്ട്രിക്കിന്റെ കണക്കുകൂട്ടല്‍ ഇങ്ങനെ
പ്രതിവര്‍ഷം 10 ദശലക്ഷം യൂണിറ്റുകള്‍ ഇവിടെ നിന്ന് നിര്‍മിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ
ലോകത്തിലെ ഏറ്റവും വലിയ സ്‌കൂട്ടര്‍ നിര്‍മാണ പ്ലാന്റുമായി ഒല ഇലക്ട്രിക്. തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലാണ് 500 ഏക്കറില്‍ ഒല ഇലക്ട്രിക്കിന്റെ നിര്‍മാണ പ്ലാന്റ് ഒരുങ്ങുന്നത്. ഇനി വരാനിരിക്കുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ കാലമായതിനാല്‍ തന്നെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കയറ്റുമതി കേന്ദ്രമായി മാറാമെന്ന ലക്ഷ്യത്തോടെയാണ് കമ്പനി പുതിയ പ്ലാന്റ് ഒരുക്കുന്നത്.
യൂറോപ്പ്, ഏഷ്യ, ലാറ്റിന്‍ അമേരിക്ക തുടങ്ങിയ ആഗോള വിപണികളിലേക്ക് ഇവിടെനിന്ന് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കയറ്റുമതി ചെയ്യും. നിര്‍മാണം പൂര്‍ത്തിയായാല്‍ പ്രതിവര്‍ഷം 10 ദശലക്ഷം യൂണിറ്റുകള്‍ ഇവിടെ നിന്ന് നിര്‍മിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 2022 പ്രവര്‍ത്തയോഗ്യമാക്കാനാകുമെന്ന നിലയിലാണ് പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
നേരത്തെ, ഒലയുടെ വരാനിരിക്കുന്ന ഇലക്ട്രിക്ക് സ്‌കൂട്ടറിന്റെ ടീസര്‍ കമ്പനി പുറത്തിറക്കിയിരുന്നു. എറ്റര്‍ഗോ ആപ്സ്‌കൂട്ടറിനോട് സമാനമായാ സ്‌കൂട്ടറാണ് ടീസറിലുണ്ടായിരുന്നത്.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് ആംസ്റ്റര്‍ഡാം ആസ്ഥാനമായുള്ള ബ്രാന്‍ഡായ എറ്റെര്‍ഗോയെ ഓല സ്വന്തമാക്കിയത്. ഇതോടെ കമ്പനി ഇന്ത്യയിലെ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തിലേക്കുള്ള പ്രഖ്യാപനവും നടത്തി. 2018 ലാണ് എറ്റെര്‍ഗോ ആപ്സ്‌കൂട്ടര്‍ പുറത്തിറക്കിയിരുന്നത്. 240 കിലോമീറ്റര്‍ ദൂരപരിധിയാണ് കമ്പനി ഈ സ്‌കൂട്ടറിന് വാഗ്ദാനം നല്‍കുന്നത്. കൂടാതെ വെറും 3.9 സെക്കന്‍ഡിനുള്ളില്‍ 0-45 കിലോമീറ്റര്‍ വേഗത കൈവരിക്കാമെന്നതും ആപ്സ്‌കൂട്ടറിന്റെ പ്രത്യേകതയാണ്. ഇതിന് സമാനമായ ഇ-സ്‌കൂട്ടര്‍ തന്നെയായിരിക്കും ഇന്ത്യയിലും നിര്‍മിക്കാനൊരുങ്ങുന്നതെന്നാണ് കരുന്നത്.
ഇന്ത്യയിലെ പ്രീമിയം ഇലക്ട്രിക് സ്‌കൂട്ടര്‍ വിഭാഗത്തില്‍ നിലവില്‍ ആതര്‍ 450 എക്‌സ്, ബജാജ് ചേതക്, ടിവിഎസ് ഐക്യൂബ് തുടങ്ങിയവയായിരിക്കും ഒല ഇലക്ട്രിക്കിന് എതിരാളികളായി വിപണിയിലുണ്ടാവുക. അതിനാല്‍ തന്നെ ഓല ഇലക്ട്രിക് മത്സരാധിഷ്ഠിത വിലയില്‍ (ഏകദേശം 1.25 ലക്ഷം രൂപ) ഇ-സ്‌കൂട്ടര്‍ അവതരിപ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.