ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തിരിച്ചുവിളിച്ച് ഒല ഇലക്ട്രിക്

തീപിടിത്തങ്ങളുടെ പശ്ചാത്തലത്തില്‍ ഓകിനാവയും പ്യുവര്‍ ഇവിയും നേരത്തെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തിരിച്ചുവിളിച്ചിരുന്നു

Update:2022-04-25 14:50 IST

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ചതിന് പിന്നാലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ തിരിച്ചുവിളിച്ച് ഒല ഇലക്ട്രിക്. തങ്ങളുടെ 1,441 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതായി ഒല ഇലക്ട്രിക് അറിയിച്ചു. ഈ സ്‌കൂട്ടറുകള്‍ എഞ്ചിനീയര്‍മാര്‍ പരിശോധിക്കും, കൂടാതെ എല്ലാ സിസ്റ്റങ്ങളിലും പരിശോധന നടത്തുമെന്നും കമ്പനി വ്യക്തമാക്കി. മാര്‍ച്ച് 26ന് പൂനെയില്‍ ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചിരുന്നു. ഒലയുടെ പ്രാഥമിക വിലയിരുത്തല്‍ പ്രകാരം സംഭവം ഒറ്റപ്പെട്ടതാണെന്ന് കണ്ടെത്തി.

'ഒരു മുന്‍കൂര്‍ നടപടിയെന്ന നിലയില്‍ ആ പ്രത്യേക ബാച്ചിലെ സ്‌കൂട്ടറുകള്‍ വിശദമായി പരിശോധന നടത്തും, അതിനാല്‍ 1,441 വാഹനങ്ങള്‍ സ്വമേധയാ തിരിച്ചുവിളിക്കും' ഒല ഇലക്ട്രിക് പ്രസ്താവനയില്‍ പറഞ്ഞു. 'ഈ സ്‌കൂട്ടറുകള്‍ ഞങ്ങളുടെ സര്‍വീസ് എഞ്ചിനീയര്‍മാര്‍ പരിശോധിക്കും, കൂടാതെ എല്ലാ ബാറ്ററി സിസ്റ്റങ്ങളിലും തെര്‍മല്‍ സിസ്റ്റങ്ങളിലും സുരക്ഷാ സംവിധാനങ്ങളിലും പരിശോധന നടത്തും' കമ്പനി പറഞ്ഞു. യൂറോപ്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഇസിഇ 136-ന് അനുസൃതമായി പ്രവര്‍ത്തിക്കുന്നതിന് പുറമേ, തങ്ങളുടെ ബാറ്ററി സംവിധാനങ്ങള്‍ എഐഎസ് 156-നായി പരീക്ഷിച്ചിട്ടുണ്ടെന്നും ഒല ഇലക്ട്രിക് പറഞ്ഞു.
നേരത്തെ, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ചതിന് തുടര്‍ന്ന് ഓകിനാവയും പ്യുവര്‍ ഇവിയും തങ്ങളുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ തിരിച്ചുവിളിച്ചിരുന്നു. തെലങ്കാനയില്‍ ഇലക്ട്രിക് സ്‌കൂട്ടറിലെ ബാറ്ററി പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് ETrance Plus, EPluto7G മോഡലുകളില്‍ 2,000 ഇ-സ്‌കൂട്ടറുകളാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി തിരിച്ചുവിളിച്ചത്. സമാനമായി, ഒകിനാവ ഓട്ടോടെക് തങ്ങളുടെ മോഡലയാ പ്രൈസ് പ്രോ സ്‌കൂട്ടറിന്റെ 3,215 യൂണിറ്റുകള്‍ തിരിച്ചുവിളിച്ചിരുന്നു. തിരുപ്പൂരിലെ തീപിടിത്തമുള്‍പ്പെടെ മൂന്ന് ഒകിനാവ മോഡലുകള്‍ക്കായിരുന്നു തീപിടിച്ചത്. കഴിഞ്ഞ മാസം ഒകിനാവ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് പിതാവും 13 വയസുള്ള മകളും മരിച്ചിരുന്നു.


Tags:    

Similar News