2027നകം ഡീസല്‍ കാറുകള്‍ നിരോധിക്കണമെന്ന് ശുപാര്‍ശ

ശുപാര്‍ശ നല്‍കിയത് പെട്രോളിയം മന്ത്രാലയം നിയോഗിച്ച പാനല്‍

Update:2023-05-08 21:24 IST

image: @canva

രാജ്യത്ത് 2027നകം ഡീസല്‍ കാറുകളുടെ ഉപയോഗം നിരോധിക്കണമെന്ന് പെട്രോളിയം മന്ത്രാലയം നിയോഗിച്ച പാനലിന്റെ ശുപാര്‍ശ. അന്തരീക്ഷ മലിനീകരണം രൂക്ഷമായതും 10 ലക്ഷത്തിലധികം ജനങ്ങള്‍ വസിക്കുന്നതുമായ നഗരങ്ങളില്‍ ഇലക്ട്രിക്, പ്രകൃതിവാതക വാഹനങ്ങള്‍ മാത്രമേ അനുവദിക്കാവൂ എന്നും പാനല്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സിറ്റി ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ 2024 മുതല്‍ പുതിയവയെല്ലാം ഇലക്ട്രിക് ആയിരിക്കണം. 2030ഓടെ രാജ്യത്ത് ഇലക്ട്രിക് ബസുകള്‍ മാത്രമേ അനുവദിക്കാവൂ. മുന്‍ പെട്രോളിയം മന്ത്രാലയ സെക്രട്ടറി തരുണ്‍ കപൂര്‍ അദ്ധ്യക്ഷനായ എനര്‍ജി ട്രാന്‍സിഷന്‍ അഡ്വൈസറി കമ്മിറ്റിയുടേതാണ് ഈ നിര്‍ദേശങ്ങള്‍. അതേസമയം, ഇവ പാനലിന്റെ ശുപാർശകൾ മാത്രമാണ്. അത് നടപ്പാക്കണോ എന്ന് തീരുമാനിക്കേണ്ടത് പെട്രോളിയം മന്ത്രാലയമാണ്. 
നീട്ടണം ഫെയിം സബ്‌സിഡി
രാജ്യത്ത് മൊത്തം ഇന്ധന ഉപഭോഗത്തിന്റെ അഞ്ചില്‍ രണ്ടും ഡീസലാണ്. മൊത്തം ഡീസല്‍ ഉപഭോഗത്തില്‍ 80 ശതമാനവും ഉപയോഗിക്കുന്നത് ഗതാഗതമേഖലയാണ്. ഈ സാഹചര്യത്തില്‍, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കുന്ന ഫെയിം (FAME) സബ്‌സിഡി പദ്ധതി ഘട്ടംഘട്ടമായി നീട്ടണമെന്നും പാനല്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.
പരമ്പരാഗത പെട്രോൾ,​ ഡീസൽ എൻജിൻ വാഹനങ്ങൾ 2035 ഓടെ നിരോധിക്കണം. പകരം ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ പ്രോത്സാഹനം നൽകണം. അതുവരെ എഥനോൾ ചേർത്ത ഇന്ധനം ഉപയോഗിക്കുന്നത് വർദ്ധിപ്പിക്കുകയും ഇന്ധനത്തിൽ എഥനോളിന്റെ അളവ് ഘട്ടംഘട്ടമായി ഉയർത്തുകയും വേണമെന്നും ശുപാർശകളുണ്ട്.
വലിയ ചരക്കുനീക്കങ്ങള്‍ക്ക് റെയില്‍വേയെ പ്രയോജനപ്പെടുത്തണം. രണ്ട്-മൂന്നുവര്‍ഷത്തിനകം റെയില്‍വേ ശൃംഖല പൂര്‍ണമായും വൈദ്യുതവത്കരിക്കും. പ്രകൃതിവാതക ഉപയോഗം സമീപഭാവിയില്‍ തന്നെ കൂടുമെന്നതിനാല്‍ ഇന്ത്യ ഭൂഗര്‍ഭ സംഭരണികള്‍ നിര്‍മ്മിക്കണമെന്നും പാനല്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രണ്ടുമാസത്തെ ഉപഭോഗത്തിന് ആവശ്യമായ സംഭരണശേഷിയുള്ള ടാങ്കുകള്‍ തയ്യാറാക്കണമെന്നാണ് ശുപാര്‍ശ.
Tags:    

Similar News