ഡിസംബറില്‍ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ 13.59 ശതമാനം വര്‍ധന

മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയില്‍ 2019 ഡിസംബറിനേക്കാളും 6.65 ശതമാനം വര്‍ധിച്ചു

Update:2021-01-14 16:50 IST

ഡിസംബറില്‍ യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ 13.59 ശതമാനം വര്‍ധനവുണ്ടായതായി സൊസൈറ്റി ഓഫ് ഇന്ത്യന്‍ ആട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (എസ് ഐ എ എം) അറിയിച്ചു. 2019 ഡിസംബറില്‍ 2,22,728 വാഹനങ്ങളാണ് വിറ്റഴിഞ്ഞതെങ്കില്‍ കഴിഞ്ഞ ഡിസംബറില്‍ ഇത് 2,52,998 ആയി ഉയര്‍ന്നു.

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചേഴ്‌സിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇരുചക്രവാഹന വില്‍പ്പന 7.42 ശതമാനം ഉയര്‍ന്ന് 11,27,917 യൂണിറ്റായി. 2019 ഡിസംബറില്‍ ഇത് 10,50,038 ആയിരുന്നു. മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന 6.65 ശതമാനം ഉയര്‍ന്ന് 7,44,237 യൂണിറ്റായി. 2019 ഡിസംബറില്‍ ഇത് 6,97,819 ആയിരുന്നു.
സ്‌കൂട്ടര്‍ വില്‍പ്പനയില്‍ 5.59 ശതമാനം വര്‍ധനവാണുണ്ടായത്. 3,23,696 യൂണിറ്റ് സ്‌കൂട്ടറുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇത് 3,06,550 യൂണിറ്റായിരുന്നു.
യാത്രാ വാഹനങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും വില്‍പ്പന 2019 ഡിസംബറിനേക്കാള്‍ കഴിഞ്ഞ മാസം വര്‍ധിച്ചതായി എസ് ഐ എ എം ഡയറക്ടര്‍ ജനറല്‍ രാജേഷ് മേനോന്‍ പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷം ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ യാത്രക്കാരുടെ വാഹന വില്‍പ്പന 14.44 ശതമാനം ഉയര്‍ന്ന് 8,97,908 യൂണിറ്റായി. മുന്‍ വര്‍ഷം ഇത് 7,84,616 യൂണിറ്റായിരുന്നു. ഇരുചക്രവാഹന വില്‍പ്പന 13.37 ശതമാനം ഉയര്‍ന്ന് 47,82,110 യൂണിറ്റായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 42,18,157 യൂണിറ്റായിരുന്നു.
അതേസമയം, വാണിജ്യ വാഹന വില്‍പ്പനയില്‍ 1.12 ശതമാനം ഇടിവ് രേഖപ്പെടുത്തി 1,93,034 യൂണിറ്റായി കുറഞ്ഞു. 2019 ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 1,95,211 യൂണിറ്റുകളാണ് ഈ വിഭാഗത്തില്‍ നിന്ന് വിറ്റഴിഞ്ഞത്.
മൂന്നാം പാദത്തില്‍ യാത്രാ - ഇരുചക്ര വാഹന വിഭാഗങ്ങള്‍ അല്‍പം മുന്നേറിയിരുന്നു. വാണിജ്യ - ത്രീ വീലര്‍ വിഭാഗങ്ങള്‍ ഇപ്പോഴും നെഗറ്റീവ് സോണിലാണെന്ന് എസ് ഐ എ എം പ്രസിഡന്റ് കെനിചി അയുകാവ പറഞ്ഞു.


Tags:    

Similar News