ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാര്‍ ഇതാണ്, സവിശേഷതകള്‍ അറിയാം

രാജ്യത്ത് നിലവില്‍ ലഭ്യമായ ഏറ്റവും ചെറിയ കാര്‍ എന്ന പ്രത്യേകതയും EaS-E എന്ന മോഡലിനുണ്ട്‌. ഇതുവരെ 6,000 ബുക്കിംഗുകളാണ് വാഹനത്തിന് ലഭിച്ചത്.

Update: 2022-11-16 09:24 GMT

രാജ്യത്തെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാര്‍ അവതരിപ്പിച്ച് സ്റ്റാര്‍ട്ടപ്പ് കമ്പനി പിഎംവി ഇലക്ട്രിക്. EaS-E എന്ന പേരില്‍ പുറത്തിറക്കുന്ന ഈ ടു-സീറ്റര്‍ കാറിന് 4.79 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേര്‍ക്കാണ് ഈ വിലയ്ക്ക് കാര്‍ നല്‍കുന്നത്.

2,000 രൂപ നല്‍കി പിഎംവിയുടെ വെബ്‌സൈറ്റിലൂടെ കാര്‍ ബൂക്ക് ചെയ്യാം. ഇതുവരെ 6,000 ബുക്കിംഗുകളാണ് EaS-E മോഡലിന് ലഭിച്ചത്. രാജ്യത്ത് നിലവില്‍ ലഭ്യമായ ഏറ്റവും ചെറിയ കാര്‍ എന്ന പ്രത്യേതകയും EaS-E ന് ഉണ്ട്. 2,915 എംഎം നീളവും 1,157 എംഎം വീതിയുമുള്ള വാഹനത്തിന് 550 കി.ഗ്രാം ആണ് ഭാരം.

മൂന്ന് ബാറ്ററി ഓപ്ഷനുകളിലാണ് പിഎംവി EaS-E എത്തുന്നത്. 120 കി.മീറ്റര്‍, 160 കി.മീറ്റര്‍, 200 കി.മീറ്റര്‍ എന്നിങ്ങനെയാണ് ഈ മൂന്ന് ഓപ്ഷനുകള്‍ നല്‍കുന്ന റേഞ്ച്. മണിക്കൂറില്‍ 70 കിലോമീറ്ററാണ് വാഹനത്തിന്റെ ഉയര്‍ന്ന വേഗത. 13 എച്ച്പി പവറും 50 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന വാഹനം 5 സെക്കന്‍ഡുകൊണ്ട് പൂജ്യത്തില്‍ നിന്ന് 40 km/h വേഗത കൈവരിക്കും.

2023 പകുതിയോടെ EaS-E ഇന്ത്യന്‍ നിരത്തുകളിലെത്തും. നിലവില്‍ ഈ വിഭാഗത്തില്‍ പിഎംവിയുടെ ഇലക്ട്രിക് കാറിന് എതിരാളികളില്ല. 8.49 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുള്ള ടാറ്റയുടെ ടിയാഗോ ആണ് ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ച ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാര്‍.

Tags:    

Similar News