എസ്.യു.വി വിപണിയിൽ ടാറ്റാ- മഹീന്ദ്ര മത്സരം

പോയവർഷം വിൽപനയിൽ മുന്നിൽ ടാറ്റാ മോട്ടോഴ്സ്, തൊട്ടുപിന്നിൽ മഹീന്ദ്ര

Update: 2023-04-07 11:30 GMT

ഇന്ത്യൻ പാസഞ്ചർ വാഹന (കാർ, എസ്.യു.വി., വാൻ) വിപണിയിൽ സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾക്ക് (എസ്.യു.വി) പ്രിയമേറുകയാണ്. ചെറുകാറുകളുടെ (എൻട്രി - ലെവൽ ഹാച്ച്ബാക്കുകൾ) കുത്തകയായിരുന്ന വിപണിയിൽ ഏറ്റവുമധികം വളർച്ചാനിരക്ക് കുറിക്കുന്നതും ഇപ്പോൾ എസ്.യു.വികളാണ്.

ആകർഷകമായ രൂപകൽപനയും അത്യാധുനിക ഫീച്ചറുകളും പ്രാപ്യമായ വിലയുമായി നിരവധി മോഡലുകൾ വിപണിയിലെത്തിയതാണ് എസ്.യു.വികളുടെ സ്വീകാര്യത കൂട്ടിയത്. യുവാക്കൾ ഏറ്റവുമധികം താത്പര്യം കാട്ടുന്നതും എസ്.യു.വികളോടാണ്.

ടാറ്റ-മഹീന്ദ്ര ഇഞ്ചോടിച്ച്

ഇന്ത്യൻ വിപണിയിൽ എസ്.യു.വികളുടെ വിൽപനയിൽ രണ്ട് ആഭ്യന്തര കമ്പനികൾ തമ്മിലാണ് ഒന്നാംസ്ഥാനത്തിനായുള്ള മത്സരമെന്നത് ശ്രദ്ധേയം. കഴിഞ്ഞ സാമ്പത്തിക വർഷം (2022-23) ടാറ്റാ മോട്ടോഴ്സാണ് 58 ശതമാനം വളർച്ചയോടെ 3.57 ലക്ഷം എസ്.യു.വികൾ വിറ്റഴിച്ച് ഒന്നാംസ്ഥാനം ചൂടിയത്. 60 ശതമാനം വർദ്ധനയോടെ 3.56 ലക്ഷം എസ്.യു.വികൾ വിറ്റഴിച്ച് മഹീന്ദ്ര ആൻഡ് മഹീന്ദ്ര തൊട്ടുപിന്നിലുണ്ട്.

വിതരണശൃംഖലയിൽ ഉണർവ്

ഉത്പാദനവും വിതരണവും മെച്ചപ്പെട്ടത് വാഹനവിപണിക്ക് കരുത്തായിട്ടുണ്ട്. ടാറ്റയുടെ പഞ്ച്, നെക്സോൺ, ഹാരിയർ, സഫാരി എന്നിവ എക്കാലത്തെയും ഉയർന്ന വിൽപനയാണ് 2022-23ൽ കുറിച്ചത്. നെക്സോണിന്റെ ഇലക്ട്രിക് പതിപ്പിനും മികച്ച സ്വീകാര്യതയുണ്ട്.

സ്കോർപ്പിയോ, ഥാർ, മറാസോ, എക്സ്.യു.വി 700 എന്നിവയാണ് മഹീന്ദ്രയുടെ ശ്രദ്ധേയ എസ്.യു.വികൾ. മഹീന്ദ്ര പോലും പ്രതീക്ഷിച്ചതിനേക്കാൾ മികച്ച ബുക്കിംഗ് സ്കോർപ്പിയോയുടെ ക്ലാസിക്ക്, എൻ പതിപ്പുകൾക്ക് ലഭിച്ചുവെന്ന് കമ്പനി പറയുന്നു. നിലവിൽ പ്രതിമാസം 29,000 യൂണിറ്റുകളാണ് മഹീന്ദ്രയുടെ ഉത്പാദനശേഷി. 2023-24ൽ ഇത് 49,000 ആക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

Tags:    

Similar News