ഇരുചക്രവാഹനം ആയിരുന്നു മനസില്‍, വരച്ചപ്പോള്‍ നാലുചക്രങ്ങളായി; നാനോ ഓര്‍മകള്‍ പങ്കുവെച്ച് രത്തന്‍ ടാറ്റ
ഇലക്ട്രിക്കായി നാനോ പുനരവതരിക്കുമോ..?
രാജ്യത്തെ ഏറ്റവും വിലക്കുറഞ്ഞ കാറെന്ന വിശേഷണത്തോടെ ആണ് ടാറ്റ മോട്ടോഴ്‌സ് 2008ല്‍ നാനോ അവതരിപ്പിച്ചത്. എന്നാല്‍ രത്തന്‍ ടാറ്റയുടെ സ്വപ്‌ന പദ്ധതി വലിയ ചലനങ്ങളൊന്നും സൃഷ്ടിച്ചില്ല. ഒരു ലക്ഷം രൂപ എന്ന മാന്ത്രിക വില നാനോയ്ക്ക് ആഗോള തലത്തില്‍ വരെ ശ്രദ്ധ നേടിക്കൊടുത്തിരുന്നു.
ഇപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ നാനോ ഓര്‍മകള്‍ പങ്കുവെയ്ക്കുകയാണ് രത്തന്‍ ടാറ്റ. അച്ഛനും അമ്മയും കുട്ടികളെ നടുക്ക് ഇരുത്തി സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന പതിവ് കാഴ്ചയാണ് നാനോ എന്ന ആശയത്തിന്റെ നയിച്ചതെന്ന് രത്തന്‍ ടാറ്റ പറയുന്നു. ആര്‍ക്കിടെക്ചര്‍ പഠിച്ചതുകൊണ്ട് ഒഴിവു സമയങ്ങളില്‍ വരയ്ക്കുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നു.
ആദ്യം സുരക്ഷിതമായ ഒരു ഇരുചക്രവാഹനം എന്നതായിരുന്നു ചിന്ത. എന്നാല്‍ വരച്ചുവന്നപ്പോള്‍ അതിന് നാലുചക്രങ്ങളായി. ഡോറുകളില്ല, വിന്‍ഡോ ഇല്ല വെറും ബഗ്ഗി. ഒടുവില്‍ ഒരു കാര്‍ എന്ന തീരുമാനത്തിലേക്ക് താന്‍ എത്തിയെന്നും അദ്ദേഹം തന്റെ ഇന്‍സ്റ്റാ പോസ്റ്റില്‍ കുറിച്ചു.
ഒരു ലക്ഷം രൂപയുടെ കാര്‍ എന്ന വാഗ്ദാനം പാലിക്കാന്‍ ടാറ്റ കമ്പനിക്ക് പിന്നീട് കഴിഞ്ഞിരുന്നില്ല. ഉല്‍പ്പാദനച്ചെലവ് കൂടിയതോടെ നാനോയുടെ വിലയും ഉയര്‍ന്നു. ബുക്കിംഗ് കുറഞ്ഞതോടെ അവസാനകാലത്ത് ടാറ്റ ഓര്‍ഡര്‍ അനുസരിച്ചായിരുന്നു നാനോ നിര്‍മിച്ചിരുന്നത്. ഒടുവില്‍ 2019ഓടെ നാനോ നിര്‍മാണം ടാറ്റ അവസാനിപ്പിച്ചു.
ഇലക്ട്രിക് ആയി പുനരവതരിക്കുമോ
അടുത്തിടെ രത്തന്‍ ടാറ്റ ഒരു ഇലക്ട്രിക് നാനോയോടൊപ്പം നില്‍ക്കുന്ന ചിത്രം വൈറലായിരുന്നു. ഇലക്ട്രിക് സൊല്യൂഷന്‍സ് ബ്രാന്‍ഡ് ഇലക്ട്ര ഇവി ആണ് ഇ-നാനോ നിര്‍മിച്ച് അദ്ദേഹത്തിന് സമ്മാനിക്കുകയായിരുന്നു. ഇലക്ട്ര ഇവി എന്ന കമ്പനി സ്ഥാപിച്ചതും രത്തന്‍ ടാറ്റ ആണ്.
നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ ഇ-വാഹന നിര്‍മാതാക്കളാണ് ടാറ്റ. ഇലക്ട്രിക് മോഡലുകളുടെ എണ്ണം ഉയര്‍ത്തുന്നതിന്റെ ഭാഗമായി ഇ-നാനോ കമ്പനി അവതരിപ്പിച്ചേക്കും എന്ന റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ടാറ്റ മോട്ടോഴ്‌സ് ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.