ഇന്ത്യയില്‍ വില വര്‍ധന പ്രഖ്യാപിച്ച് റെനോ; പുതുവര്‍ഷത്തില്‍ കാറുകള്‍ക്ക് വില കൂടും

വില വര്‍ധനവിന്റെ തുകയോ ശതമാനമോ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം വില വര്‍ധനവിന് മുന്നോടിയായി റെനോ ചില വാഹനങ്ങള്‍ക്ക് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചിരുന്നു

Update:2022-12-08 12:30 IST

Image: @RenaultIndia/ Twitter

2023 ജനുവരി മുതല്‍ കാറുകളുടെ ശ്രേണിയിലുടനീളം വില വര്‍ധിപ്പിക്കുമെന്ന് റെനോ അറിയിച്ചു. ഉല്‍പ്പാദനച്ചെലവിലെ വര്‍ധനയാണ് വിലവര്‍ധനവിന്റെ പ്രധാന കാരണമെന്ന് കമ്പനി പറഞ്ഞു. വില കൂടിയ അസംസ്‌കൃത വസ്തുക്കള്‍, വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍, പണപ്പെരുപ്പം എന്നിവ മൂലം ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതിന്റെ ആഘാതവും വില വര്‍ധിപ്പിക്കാന്‍ കാരണമായെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

വില വര്‍ധനവിന്റെ തുകയോ ശതമാനമോ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം വില വര്‍ധനവിന് മുന്നോടിയായി ക്വിഡ് ഹാച്ച്ബാക്ക്, ട്രൈബര്‍ എംപിവി, കിഗര്‍ എസ്യുവി എന്നിവ ഉള്‍പ്പെടുന്ന പോര്‍ട്ട്ഫോളിയോയ്ക്ക് റെനോ വിവിധ രൂപങ്ങളില്‍ കിഴിവുകള്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ഡിസംബറില്‍ റെനോ ഇന്ത്യ നിരവധി വാഹനങ്ങള്‍ക്ക് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയില്‍ ശക്തമായ അടിത്തറ സ്ഥാപിക്കുന്നതില്‍ റെനോ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇതിനായി ആധുനിക നിര്‍മ്മാണ സൗകര്യം, ലോകോത്തര സാങ്കേതിക കേന്ദ്രം, രണ്ട് ഡിസൈന്‍ സെന്ററുകള്‍, 500 വില്‍പ്പന, 500 ലധികം സേവന ടച്ച് പോയിന്റുകള്‍ എന്നിവ ഇന്ത്യയില്‍ വികസിപ്പിച്ചു.ഇന്ത്യയില്‍ റെനോ ബ്രാന്‍ഡ് ഗണ്യമായി വളര്‍ത്തുന്നതിന് ഇനിയും പ്രവര്‍ത്തിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും നിരവധി പുതുമകള്‍ കൊണ്ടുവരാനും റെനോ പദ്ധതിയിടുന്നുണ്ട്.

Tags:    

Similar News