റെനോയുടെ സഞ്ചരിക്കുന്ന ഷോറൂം കേരളത്തില്‍; ടെസ്റ്റ് ഡ്രൈവ്, വില്‍പന, പിന്നെ സര്‍വീസും

ഒരു ഇ.വി അടക്കം മൂന്ന് പുത്തന്‍ മോഡലുകള്‍ റെനോ വൈകാതെ പുറത്തിറക്കും

Update: 2023-08-07 10:56 GMT

പ്രമുഖ ഫ്രഞ്ച് വാഹന ബ്രാന്‍ഡായ റെനോ (Renault) കേരളത്തില്‍ സഞ്ചരിക്കുന്ന ഷോറൂമുകള്‍ക്ക് തുടക്കമിട്ടു. 'റെനോ എക്‌സ്പീരിയന്‍സ് ഡേയ്‌സ്' കാമ്പയിന്റെ ഭാഗമായുള്ള സഞ്ചരിക്കുന്ന ഷോറൂമിന് കണ്ണൂര്‍ ശ്രീകണ്ഠപുരത്താണ് തുടക്കമായത്. സംസ്ഥാനത്ത് കമ്പനിക്ക് നിലവില്‍ ഷോറൂമുകളില്ലാത്തതും ഗ്രാമീണ പ്രദേശങ്ങളുമായ 36 ഇടങ്ങളില്‍ സഞ്ചരിക്കുന്ന ഷോറൂമെത്തുമെന്ന് റെനോ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് സുധീര്‍ മല്‍ഹോത്ര പറഞ്ഞു. 14 ജില്ലകളിലും സാന്നിദ്ധ്യമുണ്ടാകും.

ഉപയോക്താക്കള്‍ക്ക് റെനോയുടെ നിലവിലെ മോഡലുകളായ ക്വിഡ്, ട്രൈബര്‍, കൈഗര്‍ എന്നിവ പരിചയപ്പെടാം, ടെസ്റ്റ് ഡ്രൈവ് നടത്താം, ബുക്ക് ചെയ്യാം. ഫൈനാന്‍സ് ഓഫറുകളും ലഭ്യമാണ്. വാഹനങ്ങളുടെ ഘടകങ്ങളും ലഭിക്കും. വാഹനങ്ങള്‍ സര്‍വീസ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. റെനോ കേരളത്തിലാണ് ഇന്ത്യയിലാദ്യമായി സഞ്ചാരിക്കുന്ന ഷോറൂമിന് തുടക്കമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

സഞ്ചരിക്കുന്ന ഷോറൂമില്‍ നിന്ന് ബുക്ക് ചെയ്യുന്ന ഉപയോക്താവിന് വീട്ടുപടിക്കല്‍ വാഹനം വിതരണം ചെയ്ത് നല്‍കാനുള്ള സൗകര്യമുണ്ട്. അല്ലെങ്കില്‍ ഏറ്റവുമടുത്ത ഷോറൂമില്‍ നിന്ന് സ്വന്തമാക്കാം.
6% കേരളത്തില്‍
റെനോയുടെ ഇന്ത്യയിലെ മൊത്തം വില്‍പനയില്‍ 6 ശതമാനത്തോളം കേരളത്തിലാണെന്ന് സുധീര്‍ മല്‍ഹോത്ര ധനംഓണ്‍ലൈന്‍.കോമിനോട് പറഞ്ഞു. ഇക്കുറി ഓണത്തോട് അനുബന്ധിച്ച് ഓഫറുകളുണ്ടാകുമെന്നും അവ വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ കേരളത്തില്‍ 32 ഷോറൂമുകളാണ് കമ്പനിക്കുള്ളത്.
മൂന്ന് മോഡലുകള്‍; 5,300 കോടി നിക്ഷേപം
ഇന്ത്യയില്‍ വൈകാതെ മൂന്ന് പുത്തന്‍ മോഡലുകള്‍ കൂടി റെനോ അവതരിപ്പിക്കും. ഇതിലൊന്ന് വൈദ്യുത മോഡലായിരിക്കും (ഇ.വി). മറ്റ് രണ്ടെണ്ണം വലിയ ശ്രേണിയിലായിരിക്കും. മൊത്തം 5,300 കോടി രൂപയുടെ അധിക നിക്ഷേപവും കമ്പനി വൈകാതെ ഇന്ത്യയില്‍ നടത്തും. ചെന്നൈയിലാണ് ഇന്ത്യയില്‍ റെനോയുടെ പ്ലാന്റ്. 11 വര്‍ഷം മുമ്പ് ഇന്ത്യയിലെത്തിയ റെനോ, 9 ലക്ഷം വാഹനങ്ങളുടെ വില്‍പന, 10 ലക്ഷം വാഹനങ്ങളുടെ ഉത്പാദനം എന്നീ നാഴിക്കക്കല്ലുകള്‍ അടുത്തിടെ പിന്നിട്ടിരുന്നു.
Tags:    

Similar News