ആദ്യ ഇവി അവതരിപ്പിച്ച് റോള്‍സ് റോയ്‌സ്; 520 കി.മീ റേഞ്ചുമായി സ്‌പെക്ടറെത്തും
2030ഓടെ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറുകയാണ് റോള്‍സ് റോയ്‌സിന്റെ ലക്ഷ്യം
പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ കാര്‍ അവതരിപ്പിച്ച് ആഢംബര വാഹന നിര്‍മാതാക്കളായ റോള്‍സ് റോയ്‌സ് (Rolls Royce). സ്‌പെക്ടര്‍(Spectre) എന്ന് പേരിട്ടിരിക്കുന്ന മോഡല്‍ ടു-ഡോര്‍ ഫാന്റം കൂപ്പെയുടെ പിന്ഗാമിയായി ആണ് എത്തുന്നത്.
കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സ്‌പെക്ടര്‍ നിരവധി പരീക്ഷണ ഓട്ടങ്ങള്‍ക്ക് ശേഷം 2023 പകുതിയോടെ നിരത്തുകളിലെത്തും. 2030ഓടെ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറുകയാണ് റോള്‍സ് റോയ്‌സിന്റെ ലക്ഷ്യം.
റോള്‍സ് റോയിസ് സ്‌പെക്ടറിന് 520 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. പൂജ്യത്തില്‍ നിന്ന് 4.5 സെക്കന്‍ഡുകള്‍ കൊണ്ട് വാഹനം 100 kph വേഗത കൈവരിക്കും. 585 എച്ച്പി കരുത്തും 900 എന്‍എം ടോര്‍ക്കുമാണ് സ്‌പെക്ടര്‍ നല്‍കുന്നത്. ബാറ്ററി പായ്ക്ക്, ചാര്‍ജിംഗ് സ്പീഡ് തുടങ്ങിയ കാര്യങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
5.45 മീറ്റര്‍ വീതിയും 2 മീറ്റര്‍ വീതിയുമുള്ള വിപണിയിലെ ഏറ്റവും വലിയ 2-ഡോര്‍ മോഡലുകളിലൊന്നായിരിക്കും സെപ്കടര്‍. 23 ഇഞ്ചിന്റേതായിരിക്കും വീലുകള്‍. മോഡലിന്റെ വില സംബന്ധിച്ച ചെറിയ സൂചനയും റോള്‍സ് റോയ്‌സ് നല്‍കിയിട്ടുണ്ട്. വിലയുടെ കാര്യത്തില്‍ റോള്‍സ് റോയ്‌സിന്റെ തന്നെ കള്ളിനനും ഫാന്റത്തിനും ഇടയിലായിരിക്കും സ്‌പെക്ടറിന്റെ സ്ഥാനം.