'ക്ലാസ് ലുക്കില്‍' റോയല്‍ എന്‍ഫീല്‍ഡിന്റെ പുത്തന്‍ ക്ലാസിക് 350: സവിശേഷതകളറിയാം

1.84 ലക്ഷം മുതല്‍ 2.51 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില

Update: 2021-09-02 11:03 GMT

ബുള്ളറ്റ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമായി റോയല്‍ എന്‍ഫീല്‍ഡ് പുത്തന്‍ ക്ലാസിക് 350 അവതരിപ്പിച്ചു. റോയല്‍ എന്‍ഫീല്‍ഡിന്റെ മീറ്റിയോറില്‍നിന്ന് പ്രചോദനം കൊണ്ടാണ് പുതിയ ക്ലാസിക് 350 എത്തുന്നത്. സ്വിങ്ആം, ബ്രേക്ക്, ഹാന്‍ഡില്‍ബാര്‍ സ്വിച്ചുകള്‍ എന്നിവ മീറ്റിയോറില്‍നിന്ന് കടമെടുത്താണ് പുതിയ ക്ലാസിക് 350 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂടാതെ, പിന്നിലെ ടെയ്ല്‍ ലാമ്പും ഏവരെയും ആകര്‍ഷിപ്പിക്കുന്നു. എന്നിരുന്നാലും, നേരത്തെയുണ്ടായിരുന്ന ക്ലാസിക്കിലെ പരന്ന വീതിയുള്ള ഇന്ധന ടാങ്കും വൃത്തത്തിലുള്ള ഹെഡ് ലാമ്പും തന്നെയാണ് പുതിയ മോഡലിലും ഒരുക്കിയിട്ടുള്ളത്.

അഞ്ച് വേരിയന്റുകളിലായി എത്തുന്ന പുതിയ ക്ലാസിക് 350 മോഡലിന് 1.84 ലക്ഷം മുതല്‍ 2.51 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. റെഡ്ഡിച്ച്, ഹാന്‍സിയോണ്‍, സിഗ്നല്‍, ഡാര്‍ക്, ക്രോം എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ക്ലാസിക് 350 ഉപഭോക്താക്കളിലേക്കെത്തുന്നത്. മീറ്റിയോറിലുള്ള എഞ്ചിന്‍ തന്നെയാണ് പുതിയ ക്ലാസിക്കിലും നല്‍കിയിരിക്കുന്നത്. 349 സിസി എഞ്ചിന്‍20.2 ബിഎച്ച്പിയും 27 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 80-90 കിലോമീറ്റര്‍ വേഗതയിലും വിറയലില്ലാതെ സുഗമമായി യാത്ര ചെയ്യാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 195 കിലോഗ്രാമാണ് വാഹനത്തിന്റെ ഭാരം.
അതേസമയം, റോയല്‍ എന്‍ഫീല്‍ഡിന്റെ ഏറ്റവും വിറ്റഴിക്കപ്പെടുന്ന മോഡലാണ് ക്ലാസിക് 350. പ്രതിമാസം 15,000 യൂണിറ്റുകളാണ് ക്ലാസിക് 350യുടെ ശരാശരി വില്‍പ്പന. പുതിയ മോഡലിനും വിപണിയില്‍ ആവശ്യക്കാരുണ്ടാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. നിലവില്‍ 75 രാജ്യങ്ങളിലായി 30 ലക്ഷത്തോളം ക്ലാസിക് 350 മോഡലുകളാണ് കമ്പനി വിറ്റഴിച്ചത്.



Tags:    

Similar News