ഇന്ത്യന്‍ വാഹന വിപണിയില്‍ തിളങ്ങി സ്‌കോഡ
വില്‍പ്പന ഉയര്‍ന്നതോടെ സ്‌കോഡയുടെ പ്രധാന മൂന്ന് വിപണികളിലൊന്നായി ഇന്ത്യ മാറി
ഇന്ത്യന്‍ വാഹന വിപണിയില്‍ സജീവ സാന്നിധ്യമായി ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ. കഴിഞ്ഞ എട്ട് മാസങ്ങള്‍ക്കിടെ 37,568 കാറുകളും എസ്യുവികളുമാണ് സ്‌കോഡ ഇന്ത്യ വിറ്റഴിച്ചത്. വാഹന നിര്‍മാതാക്കളുടെ ഇന്ത്യന്‍ വിപണിയിലെ എക്കാലത്തെയും മികച്ച വില്‍പ്പന പ്രകടനമാണിത്. ഇതോടെ ജര്‍മ്മനിക്കും ചെക്ക് റിപ്പബ്ലിക്കിനും ശേഷമുള്ള ചെക്ക് ബ്രാന്‍ഡിന്റെ ആഗോളതലത്തിലെ മൂന്നാമത്തെ വലിയ വിപണിയായും ഇന്ത്യ മാറി.
നേരത്തെ, 2012ലായിരുന്നു സ്‌കോഡ കൂടുതല്‍ വാഹനങ്ങള്‍ വിറ്റഴിച്ചിരുന്നത്. 34,678 വാഹനങ്ങള്‍. ഇതിന് ശേഷം സമീപകാലത്ത് കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കിയതോടെ സ്‌കോഡയുടെ വാഹനങ്ങളുടെ ഡിമാന്റും ഉയര്‍ന്നു. ഓഗസ്റ്റ് മാസത്തില്‍ മാത്രം 4,222 കാറുകളാണ് സ്‌കോഡ വിറ്റഴിച്ചത്. മുന്‍വര്‍ഷത്തേക്കാള്‍ 10 ശതമാനം വര്‍ധനവ്.
നിലവിലെ ഡിമാന്റ് തുടര്‍ന്നാല്‍ ഈ വര്‍ഷം ഇന്ത്യന്‍ വിപണിയിലെ വില്‍പ്പനയില്‍ ഇരട്ടിയോളം വര്‍ധനവ് നേടാനാകുമെന്നാണ് സ്‌കോഡ പ്രതീക്ഷിക്കുന്നത്. ഇത് ബ്രാന്‍ഡിന്റെ പുതുതായി നിയമിതനായ ആഗോള സിഇഒ ക്ലോസ് സെല്‍മര്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.