വില്‍പ്പന ഉയരുന്നു, ഇവി കാറുകളുമായി സ്‌കോഡ എത്തും
ENYAQ iV, ENYAQ COUPE iV എന്നിങ്ങനെ രണ്ട് ഇലക്ട്രിക് മോഡലുകളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്‌കോഡയ്ക്കുള്ളത്.
ചെക്ക് റിപബ്ലിക്കന്‍ കാര്‍ നിര്‍മാതാക്കളായ സ്‌കോഡ (Skoda) ഇന്ത്യയില്‍ ഇലക്ട്രിക് (EV) മോഡലുകള്‍ അവതരിപ്പിക്കുന്നു. 12-18 മാസത്തിനുള്ളില്‍ സ്‌കോഡയുടെ ആദ്യ ഇലക്ട്രിക് കാര്‍ ഇന്ത്യയിലെത്തും. പരീക്ഷണാര്‍ത്ഥം ആദ്യഘട്ടത്തില്‍ യൂറോപ്പില്‍ നിന്ന് ഇവികള്‍ പൂര്‍ണമായും ഇറക്കുമതി ചെയ്യുകയാവും സ്‌കോഡ ചെയ്യുക .
ശേഷം വിപണി അനുസരിച്ച് വാഹനങ്ങള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുകയും നിര്‍മിക്കുകയും ചെയ്യും. ENYAQ iV, ENYAQ COUPE iV എന്നിങ്ങനെ രണ്ട് ഇലക്ട്രിക് മോഡലുകളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്‌കോഡയ്ക്കുള്ളത്. ഈ മോഡലുകള്‍ തന്നെയാണോ ഇന്ത്യയിലും സ്‌കോഡ അവതരിപ്പിക്കുക എന്ന് വ്യക്തമല്ല. ഇന്ത്യ 2.0 പ്രോഗ്രാമിന് കീഴില്‍ രാജ്യത്തെ നിക്ഷേപങ്ങളും പ്രവര്‍ത്തനങ്ങളും വ്യാപിപ്പിക്കുകയാണ് സ്‌കോഡ.
2022ല്‍ ഇന്ത്യയിലെ വില്‍പ്പന 50000 യൂണീറ്റുകള്‍ കടക്കുമെന്നാണ് സ്‌കോഡയുടെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം 23,858 കാറുകളാണ് സ്‌കോഡ രാജ്യത്ത് വിറ്റത്. ഈ വര്‍ഷം 10 മാസം കൊണ്ട് മാത്രം 44,500 യൂണീറ്റുകള്‍ കമ്പനിക്ക് വില്‍ക്കാനായി. Kushaq, Slavia എന്നീ മോഡലുകള്‍ക്ക് ലഭിക്കുന്ന മികച്ച പ്രതികരണം കമ്പനിക്ക് നേട്ടമായി. ഐസിഇ (internal combustion engine) വിഭാഗത്തില്‍ പുതിയ സെഡാനുകള്‍ അവതരിപ്പിക്കാനും സ്‌കോഡയ്ക്ക് പദ്ധതിയുണ്ട്.