സബ്‌സിഡി വെട്ടിയത് തിരിച്ചടിയായി; കേരളത്തിലും വൈദ്യുത വാഹന വില്‍പന ഇടിഞ്ഞു

കേന്ദ്രം സബ്‌സിഡി വെട്ടിക്കുറച്ചതോടെ ഇലക്ട്രിക് ടൂവീലറുകള്‍ക്ക് കഴിഞ്ഞമാസം വില കൂടിയിരുന്നു

Update:2023-07-03 11:55 IST

Image : atherenergy.com

വൈദ്യുത വാഹനങ്ങള്‍ക്ക് (ഇ.വി/EV) ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം-2/FAME-II) പ്രകാരം അനുവദിച്ചിരുന്ന സബ്‌സിഡി വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി കഴിഞ്ഞമാസം കേരളത്തിലെ വില്‍പനയെയും സാരമായി ബാധിച്ചു.

കേരളത്തിലെ മൊത്തം വൈദ്യുത വാഹന വില്‍പന മേയിലെ 8,635ല്‍ നിന്ന് ജൂണില്‍ 5,119 എണ്ണമായി ഇടിഞ്ഞെന്ന് 'പരിവാഹന്‍' പോര്‍ട്ടലിലെ വിവരങ്ങള്‍ വ്യക്തമാക്കുന്നു. വൈദ്യുത വാഹനങ്ങളുടെ വില്‍പനയിലുണ്ടായ ഇടിവ് മൊത്തം വാഹന വില്‍പനയ്ക്കും കഴിഞ്ഞമാസം തിരിച്ചടിയായി. മൊത്തം ഇരുചക്ര വാഹന വില്‍പന കഴിഞ്ഞമാസം മേയിലെ 41,313ല്‍ നിന്ന് 37,925 എണ്ണമായി താഴ്ന്നു. മൊത്തം കാര്‍ വില്‍പന 14,521ല്‍ നിന്ന് 13,774 ആയും കുറഞ്ഞു.

സബ്‌സിഡി കുറഞ്ഞു, വില കൂടി
ഫെയിം-2 പ്രകാരം വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ക്ക് എക്സ്ഷോറൂം വിലയുടെ 40 ശതമാനം അല്ലെങ്കില്‍ ബാറ്ററി കിലോവാട്ട് അവറിന് (കെ.ഡബ്യു.എച്ച്/kwh) 15,000 രൂപ (ഏതാണോ കുറവ്) എന്നിങ്ങനെ നല്‍കിയിരുന്ന സബ്‌സിഡിയാണ് കേന്ദ്രസര്‍ക്കാര്‍ ജൂണ്‍ ഒന്നുമുതല്‍ എക്സ്ഷോറൂം വിലയുടെ 15 ശതമാനം അല്ലെങ്കില്‍ ബാറ്ററി കെ.ഡബ്ല്യു.എച്ചിന് 10,000 രൂപ (ഏതാണോ കുറവ്) എന്നിങ്ങനെ കുറച്ചത്.
സബ്‌സിഡി കുറഞ്ഞതോടെ, വിലയിലുണ്ടാകുന്ന ബാദ്ധ്യതയുടെ നിശ്ചിതപങ്ക് ചില കമ്പനികള്‍ സ്വയംവഹിക്കാന്‍ തയ്യാറായെങ്കിലും ബാക്കിപങ്ക് ഉപയോക്താവ് തന്നെ വഹിക്കേണ്ട സ്ഥിതിയായി. ഫലത്തില്‍, വൈദ്യുത ടൂവീലറുകള്‍ക്ക് കഴിഞ്ഞമാസം 6,000 രൂപ മുതല്‍ 32,000 രൂപവരെ വര്‍ദ്ധിച്ചു. ഇതോടെയാണ് വില്‍പന ഇടിഞ്ഞത്.

കമ്പനികള്‍ കിതയ്ക്കുന്നു
പ്രമുഖ ഇലക്ട്രിക് ടൂവീലര്‍ നിര്‍മ്മാതാക്കളെല്ലാം കേരളത്തിലും കഴിഞ്ഞമാസം കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഏഥറിന്റെ വില്‍പന മേയിലെ 2,169ല്‍ നിന്ന് 623 എണ്ണമായി കഴിഞ്ഞമാസം ഇടിഞ്ഞു. ഓലയുടെ വില്‍പന കുറഞ്ഞത് 2,619ല്‍ നിന്ന് 1,895ലേക്ക്. ഹീറോ ഇലക്ട്രിക്കിന്റെ വില്‍പന 95 എണ്ണത്തില്‍ നിന്ന് 64 ആയും കുറഞ്ഞുവെന്ന് പരിവാഹന്‍ പോര്‍ട്ടലിലെ രജിസ്‌ട്രേഷന്‍ കണക്ക് ചൂണ്ടിക്കാട്ടുന്നു.

ദേശീയതലത്തില്‍ ഇടിവ് 60%
ദേശീയതലത്തില്‍ ജൂണില്‍ വൈദ്യുത ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലുണ്ടായ വില്‍പന ഇടിവ് 60 ശതമാനത്തോളമാണ്. മേയില്‍ വില്‍പന സര്‍വകാല റെക്കോഡായ 1.05 ലക്ഷം വാഹനങ്ങളായിരുന്നു. ജൂണില്‍ വിറ്റുപോയതാകട്ടെ 45,734 എണ്ണം മാത്രം!
2022 ജൂണിലെ 43,919 എണ്ണത്തിന് ശേഷം കുറിക്കുന്ന ഏറ്റവും താഴ്ന്ന വില്‍പനയാണ് കഴിഞ്ഞമാസത്തേത്. ഓല 39 ശതമാനം, ഏഥര്‍ 71 ശതമാനം, ഹീറോ ഇലക്ട്രിക് 24 ശതമാനം, ടി.വി.എസ് 62 ശതമാനം എന്നിങ്ങനെ നഷ്ടമാണ് പ്രമുഖ കമ്പനികളെല്ലാം കഴിഞ്ഞമാസം രേഖപ്പെടുത്തിയത്.
Tags:    

Similar News