എസ്‌യുവികള്‍ക്ക് മൂന്നുവര്‍ഷത്തിനിടെ ഏറ്റവും വലിയ വില വര്‍ധന: കാരണമിതാണ്

ചെറുകിട സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ വില മൂന്നുവര്‍ഷത്തിനിടെ 11 ശതമാനമാണ് ഉയര്‍ന്നത്

Update: 2021-03-29 06:03 GMT

(പ്രതീകാത്മക ചിത്രം )

നിരത്തുകളിലിറക്കാന്‍ ഏവരും ഇഷ്ടപ്പെടുന്നത് ചെറുകിട സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനങ്ങളാണ് (എസ്‌യുവി). അതുകൊണ്ട് തന്നെ ഇവയുടെ ഡിമാന്‍ഡും ഈയടുത്തകാലത്തായി വര്‍ധിച്ചിട്ടുണ്ട്. ഇതിന്റെ ഫലമായി മൂന്നു വര്‍ഷത്തിനിടെ ഉയര്‍ന്ന വില വര്‍ധനവാണ് ഈ വിഭാഗത്തിലുണ്ടായിരിക്കുന്നത്.

ഓട്ടോമോട്ടീവ് ബിസിനസ് ഇന്റലിജന്‍സ് വിതരണക്കാരായ ജാറ്റോയുടെ കണക്കുകള്‍ പ്രകാരം 2018 മാര്‍ച്ച് മുതല്‍ നിലവില്‍ ഏറ്റവും ഡിമാന്റുള്ള വിഭാഗമായ കോംപാക്റ്റ് എസ്യുവികള്‍ക്ക് 11 ശതമാനം വില വര്‍ധനവാണുണ്ടായിരിക്കുന്നത്.
ഹാച്ച്ബാക്കുകള്‍ക്ക് വെറും നാല് ശതമാനവും എംപിവികള്‍ക്ക് ഒന്‍പത് ശതമാനവും പ്രീമിയം ഹാച്ച്ബാക്കുകള്‍ക്ക് 3.5 ശതമാനവും പ്രീമിയം സെഡാനുകള്‍ക്ക് എട്ട് ശതമാനവും വലിയ (നാല് മീറ്ററില്‍ കൂടുതല്‍) എസ്യുവികള്‍ക്ക് ഒന്‍പത് ശതമാനവും വിലവര്‍ധനവാണ് കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെയുണ്ടായിരിക്കുന്നത്.
നിയന്ത്രണച്ചെലവും അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും വര്‍ധനവിന് കാരണമാകുന്നുണ്ട്.
'ഓരോ സെഗ്മെന്റുകളിലും ഒഇഎം (ഒറിജിനല്‍ ഇക്വുപ്‌മെന്റ് മാനുഫാക്ചറേഴ്‌സ്) കളുടെ വില നിര്‍ണയം വ്യത്യാസമാണ്. സെഡാനുകള്‍ അതിന് ഉദാഹരണമാണ്.
എസ്‌യുവികള്‍ക്കും എംയുവികള്‍ക്കുമുള്ള മൂല്യം മെച്ചപ്പെട്ടു. ഇതാണ് ഈ വിഭാഗങ്ങളുടെ വില ഉയരാന്‍ കാരണം' ജാറ്റോയുടെ ഇന്ത്യ തലവന്‍ രവി ഭാട്ടിയ പറഞ്ഞു.അതേസമയം ചെറുതും വലുതുമായ എസ്യുവികള്‍ക്കായുള്ള ഉപഭോക്താക്കളില്‍ നിന്നുള്ള ഡിമാന്‍ഡ് വര്‍ധിച്ചതോടെ കൂടുതല്‍ മോഡലുകള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് വാഹന നിര്‍മാതാക്കള്‍. എസ്യുവികളുടെ വില്‍പ്പന സെഡാനുകളുടെയും കോംപാക്റ്റ് കാറുകളുടെയും വളര്‍ച്ചയെ മറികടന്നു.


Similar News