അടുത്ത വർഷം മുതൽ ഡീസൽ കാറുകൾ പൂർണമായി ഒഴിവാക്കുമെന്ന മാരുതി സുസുക്കിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ചെറു ഡീസൽ കാറുകളുടെ നിർമാണം നിർത്താനുള്ള ആലോചനയിൽ ടാറ്റ മോട്ടോഴ്‌സ്.
2020 ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരുന്ന BS-VI എമിഷൻ ചട്ടങ്ങൾക്കനുസരിച്ച് ഡീസൽ എൻജിനുകൾ അപ്ഗ്രേഡ് ചെയ്യുന്നതോടെ ഈ നിരയിലെ വാഹനങ്ങൾക്ക് വില കൂടും. ഇപ്പോൾത്തന്നെ ഡീസൽ വാഹനങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ആ സ്ഥിതിയ്ക്ക് ഇവയുടെ വില കൂടിയാൽ ഡിമാൻഡ് തീരെ കുറയുമെന്ന കണക്കുകൂട്ടലിലാണ് വാഹനനിർമാതാക്കൾ.
BS-VI എൻജിനുകൾ ഡീസൽ കാറുകളുടെ വില കൂട്ടുമെന്ന കാരണമാണ് ടാറ്റയും ചൂണ്ടിക്കാട്ടുന്നത്. ടാറ്റ മോട്ടോഴ്‌സിന് നിലവിൽ ഡീസൽ വേരിയന്റുകൾ ഉള്ളത് ടിയാഗോ (1-litre diesel engine), ടിഗോർ (1.05 litre ), ബോൾട്ട് (1.3-litre ), സെസ്റ്റ് (1.3-litre ) എന്നിവയ്ക്കാണ്.
എൻട്രി ലെവൽ, മിഡ് സൈസ് സെഗ്‌മെന്റുകളിലെല്ലാം 80 ശതമാനം ഡിമാൻഡ് പെട്രോൾ വാഹനങ്ങൾക്കാണെന്നതും ടാറ്റയെ ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നു.
അതേസമയം ഈയിടെ അവതരിപ്പിച്ച നെക്സൺ, ഹാരിയർ, എന്നിവയുടെ ഡീസൽ എൻജിൻ BS-VI ലേക്ക് അപ്ഗ്രേഡ് ചെയ്യുമെന്നാണ് അറിയുന്നത്.