ധാരണയായി, ഫോര്‍ഡിന്റെ നിര്‍മാണ കേന്ദ്രം ടാറ്റാ മോട്ടോഴ്‌സ് ഏറ്റെടുക്കുന്നു
ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും ഫോര്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും അടുത്ത ആഴ്ചകള്‍ക്കുള്ളില്‍ കരാറില്‍ ഏര്‍പ്പെട്ടേക്കും
ഇന്ത്യയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കിയ ഫോര്‍ഡിന്റെ നിര്‍മാണ പ്ലാന്റ് ഏറ്റെടുക്കാനൊരുങ്ങി ടാറ്റ മോട്ടോഴ്‌സ്. ഇതിന്റെഭാഗമായി ടാറ്റ മോട്ടോഴ്സ് (Tata Motors) ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും (ടിപിഇഎംഎല്‍) യുഎസ് കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും (എഫ്ഐപിഎല്‍) ഗുജറാത്ത് സര്‍ക്കാരുമായി (ജിഒജി) ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഫോര്‍ഡിന്റെ സാനന്ദ് വാഹന നിര്‍മാണ പ്ലാന്റാണ് ടാറ്റ ഏറ്റെടുക്കുന്നത്.
ധാരണാപത്രമനുസരിച്ച് ഭൂമി, കെട്ടിടങ്ങള്‍, വാഹന നിര്‍മാണ പ്ലാന്റ്, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ജീവനക്കാര്‍ എന്നിവയെല്ലാം ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് ഏറ്റെടുക്കും. ഈ ധാരണാപത്രത്തെ തുടര്‍ന്ന് അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ടിപിഇഎംഎല്ലും എഫ്‌ഐപിഎല്ലും തമ്മിലുള്ള ഇടപാട് കരാറുകളില്‍ ഒപ്പുവെക്കും. എന്നിരുന്നാലും ടിപിഇഎംഎല്‍ പവര്‍ട്രെയിന്‍ യൂണിറ്റിന്റെ സ്ഥലവും കെട്ടിടങ്ങളും പാട്ടത്തിനെടുത്ത് ഫോര്‍ഡ് ഇന്ത്യ അതിന്റെ പവര്‍ട്രെയിന്‍ നിര്‍മാണ സൗകര്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കും.
അതേസമയം, പ്ലാന്റ് ഏറ്റെടുത്താല്‍ പുതിയ മെഷിനറികളിലും ഉപകരണങ്ങളും ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് വെഹിക്കിള്‍ ഒരുക്കമെന്നാണ് സൂചന. ഇതിന് പുറമെ പ്ലാന്റിന്റെ നിര്‍മാണശേഷി 300,000 യൂണിറ്റാക്കി ഉയര്‍ത്താനും പദ്ധതിയുണ്ട്.