Auto

ആറ് മാസത്തിനുള്ളില്‍ ഇത് മൂന്നാം തവണ; വില വീണ്ടും കൂട്ടാന്‍ ടാറ്റാ മോട്ടോഴ്‌സ്

യാത്രാ വാഹനങ്ങള്‍ക്ക് ഈ മാസം മുതല്‍ വില ഉയരും

Dhanam News Desk

ടാറ്റാ മോട്ടോഴ്‌സ് ജൂലൈ 17 മുതല്‍ രാജ്യത്തെ യാത്രാ വാഹനങ്ങളുടെ വില വര്‍ധിപ്പിക്കും. പെട്രോള്‍, ഡീസല്‍ കാറുകള്‍ക്കും വൈദ്യുത വാഹനങ്ങള്‍ക്കും വില ഉയരും. വിവിധ മോഡലുകള്‍ക്ക് 0.6% മുതല്‍ വില വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.

മുന്‍കാലങ്ങളിലെ ഉത്പാദന ചെലവില്‍ നേരിട്ട വര്‍ധന പരിഹരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ജൂലൈ 16 വരെ ബുക്ക് ചെയ്യുന്ന വാഹനങ്ങളെയും ജൂലൈ 31 വരെ വിതരണം ചെയ്യുന്ന വാഹനങ്ങളെയും വിലവര്‍ധനയില്‍ നിന്ന് ഒഴിവാക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ടാറ്റ പഞ്ച്, നെക്‌സോണ്‍, ഹാരിയര്‍, അള്‍ട്രോസ് തുടങ്ങിയ മോഡലുകളാണ് ടാറ്റയ്ക്കുള്ളത്.

2023ല്‍ ഇത് മൂന്നാം തവണയാണ് ടാറ്റ വാഹന വില വര്‍ധിപ്പിക്കുന്നത്. ജനുവരിയിൽ 1.2 ശതമാനവും ഏപ്രിലിൽ   0.6 ശതമാനവും വില വര്‍ധിപ്പിച്ചിരുന്നു. പുകമലിനീകരണം നിരീക്ഷിക്കുന്നതിനുള്ള ഉപകരണം ഘടിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതിനെ തുടര്‍ന്ന് വിവിധ വിഭാഗങ്ങളിലുള്ള വാഹന വില ഉയര്‍ന്നിട്ടുണ്ട്.

ആദ്യ പാദത്തിലെ വില്‍പ്പന

2023-2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍(ഏപ്രില്‍-ജൂണ്‍) 2,26,245 വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്‌സ് വിറ്റഴിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ സമാനകാലയളവിലിത് 2,31,248 എണ്ണമായിരുന്നു. ജൂണിലെ ആഭ്യന്തര വില്‍പ്പന 80,383 വാഹനങ്ങളാണ്. കഴിഞ്ഞ വര്‍ഷം ജൂണിലിത് 79,606 എണ്ണമായിരുന്നു. വൈദ്യുത വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള യാത്രാ വാഹനങ്ങളുടെ വില്‍പ്പന 47,235 യൂണിറ്റായി. മുന്‍ വര്‍ഷം ജൂണിലിത് 45,197 യൂണിറ്റായിരുന്നു.

വില്‍പ്പന കണക്കുകള്‍ പുറത്തു വന്നതോടെ ടാറ്റാ മോട്ടോഴ്‌സ് ഓഹരി വില 1.50 ശതമാനം ഉയര്‍ന്ന് 595.50 രൂപയായി. ഓട്ടോമൊബൈല്‍ ഓഹരികള്‍ ഈ വര്‍ഷം 51 ശതമാനം ഉയര്‍ച്ച നേടിയിട്ടുണ്ട്. ഒരുവര്‍ഷ കാലയളവിലെ വളര്‍ച്ച 44 ശതമാനമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT