ഇലക്ട്രിക് വാഹന രംഗത്ത് വരാനിരിക്കുന്നത് ടാറ്റയുടെ വിപ്ലവം

2025 ഓടെ 10 ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കും

Update:2021-06-29 12:46 IST

ഇലക്ട്രിക് വാഹന രംഗത്ത് ആധിപത്യം കൈയടക്കാനുള്ള പദ്ധതികളുമായി ടാറ്റ മോട്ടോഴ്‌സ്. 2025 ഓടെ 10 ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതുവഴി ഇലക്ട്രിക് വാഹന വിപണിയില്‍ ബിസിനസ് കൂടുതല്‍ സുസ്ഥിരമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ വര്‍ഷം തന്നെ ടാറ്റ മോട്ടോഴ്‌സ് പോര്‍ട്ട്‌ഫോളിയോയിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഇരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വിപണിയിലവതരിപ്പിച്ചതിന് ശേഷം 4,000 യൂണിറ്റ് നെക്സണ്‍ ഇവി യൂണിറ്റുകളാണ് വാഹന നിര്‍മാതാക്കള്‍ രാജ്യത്ത് വിറ്റഴിച്ചത്. നിലവില്‍, ബ്രാന്‍ഡിന്റെ ഇവി ലൈനപ്പില്‍ ടാറ്റ നെക്സണ്‍ ഇവി, ടൈഗര്‍ ഇവി എന്നിവയാണ് വിപണനരംഗത്തുള്ളത്. അതേസമയം വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടില്ലെങ്കിലും ടാറ്റ ആല്‍ട്രോസിന്റെ ഇലക്ട്രിക് പതിപ്പ് ഉടന്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പ് 2020 ഓട്ടോ എക്സ്പോയില്‍ അല്‍ട്രോസ് ഇവി പ്രദര്‍ശിപ്പിച്ചിരുന്നു.

'വരും വര്‍ഷങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ ഈ മാറ്റത്തെ ടാറ്റ മോട്ടോഴ്സ് നയിക്കും. 2025 ഓടെ ടാറ്റാ മോട്ടോഴ്സിന് 10 പുതിയ ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍ ഉണ്ടാകും, രാജ്യത്തുടനീളം ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കുന്നതിന് മുന്‍കൂട്ടി നിക്ഷേപവും നടത്തും' ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ അറിയിച്ചു. 2020-21 ലെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ 2030 കളുടെ അവസാനത്തോടെ 100 ശതമാനം സീറോ എമിഷന്‍ വാഹനങ്ങള്‍ പുറത്തിറക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2025 ഓടെ പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറാനാണ് ജാഗ്വാര്‍ ലക്ഷ്യമിടുന്നത്. കമ്പനിയുടെ ആക വാഹനങ്ങളുടെ 60 ശതമാനവും 2030 ഓടെ മുഴുവന്‍ ബാറ്ററി ഇലക്ട്രിക് വാഹനങ്ങളായി മാറും.


Tags:    

Similar News