സൈബര്‍ക്വാഡ്; കുട്ടികള്‍ക്കായി ടെസ്ലയുടെ ക്വാഡ് ബൈക്ക്, വില 1.4 ലക്ഷം
ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ക്വാഡ് ബൈക്കുകളുടെ ആദ്യ ബാച്ച് വിറ്റുപോയി
2019ല്‍ സൈബര്‍ ട്രക്ക് അവതരിപ്പിച്ച കൂട്ടത്തില്‍ ഒരു ഇലക്ട്രിക് എടിപിയും (all terrain vehicle) ടെസ്ല അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ സൈബര്‍ ട്രക്കിനെ അനുസ്മരിപ്പിക്കുന്ന ഡിസൈനില്‍ ഒരു ഇ-എടിപി പുറത്തിറക്കിയിരിക്കുകയാണ് ടെസ്ല. പക്ഷെ ഇത്തവണ ടെസ്ലയും ഉടമ ഇലോണ്‍ മസ്‌കും വാഹനം എത്തിക്കുന്നത് മുതിര്‍ന്നവര്‍ക്ക് വേണ്ടിയല്ല, കുട്ടികള്‍ക്കായാണ്.
സൈബര്‍ക്വാഡ് (cyberquad) എന്ന് പേരിട്ടിരിക്കുന്ന ഈ നാലുചക്ര ബൈക്ക് വിലകൊണ്ടും രൂപഭംഗികൊണ്ടുമാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. 1900 ഡോളര്‍ ( ഏകദേശം 1,42,400 രൂപ) ആണ് ഈ ഓള്‍ ടെറയിന്‍ വെഹിക്ക്‌ളിന്റെ (Tesla ATP) വില. ടെസ്ലയുടെ വെബ്‌സൈറ്റ് വഴി സൈബര്‍സ്‌ക്വാഡ് ബുക്ക് ചെയ്യാം. എന്നാല്‍ ഇപ്പോള്‍ വാഹനം ഔട്ട് ഓഫ് സ്റ്റോക്കാണ്. ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ആദ്യ ബാച്ച് വിറ്റുപോവുകയായിരുന്നു. 2-4 ആഴ്ചകള്‍ക്കുള്ളില്‍ ഈ ക്വാഡ് ബൈക്കിന്റെ ഷിപ്പിംഗ് ടെസ്ല ആരംഭിക്കും.
സൈബര്‍ക്വാഡ് സവിശേഷതകള്‍
എട്ടുവയസിന് മുകളിലുള്ള കുട്ടികള്‍ക്ക് ഉപോയിഗക്കാന്‍ പറ്റുന്ന മോഡലാണ് സൈബര്‍ക്വാഡ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 24 കി.മീറ്റര്‍ ദൂരം സഞ്ചരിക്കാം. ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാണ് 5 മണിക്കൂര്‍ വേണം. മണിക്കൂറില്‍ 16 കി.മീറ്റര്‍ ആണ് പരമാവധി വേഗത. 68 കി.ഗ്രാം ഭാരം വരെ സൈബര്‍ക്വാഡ് വഹിക്കും.
ക്യുഷ്യന്‍ സീറ്റ്, ഡിസ്‌ക് ബ്രേക്ക്, എല്‍ഇഡി ലൈറ്റ് ബാര്‍ തുടങ്ങിയവയാണ് പൂര്‍ണമായും സ്റ്റീല്‍ ഫ്രെയിമില്‍ നിര്‍മിക്കുന്ന സൈബര്‍ക്വാഡിന്റെ മറ്റ് സവിശേഷതകള്‍. ആദ്യ ഘട്ടത്തില്‍ യുഎസില്‍ മാത്രമാണ് വില്‍പ്പന. നേരത്തെ സൈബര്‍ ട്രക്ക് മാതൃകയില്‍ ടെസ്ല അവതരിപ്പിച്ച സൈബര്‍ വിസില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വിറ്റുപോയിരുന്നു.