ടെസ്‌ലയുടെ ഇന്ത്യന്‍ യാത്ര വെല്ലുവിളികള്‍ നിറഞ്ഞതെന്ന് ഇലോണ്‍ മസ്‌ക്
ശ്രമം തുടരുകയാണെന്നും മസ്‌ക് അറിയിച്ചു;
ഇന്ത്യന്‍ വാഹന പ്രേമികള്‍ കാത്തിരിക്കുന്ന മോഡലുകളാണ് ടെസ്‌ലയുടേത്. കാറുകള്‍ എന്ന് ഇന്ത്യയിലെത്തുമെന്ന ചോദ്യത്തിന് മറുപടിയുടമായി എത്തിരിക്കുകയാണ് ടെസ്‌ല കമ്പനി ഉടമ ഇലോണ്‍ മസ്‌ക്. ഇന്ത്യയില്‍ കാറുകളുടെ വില്‍പ്പന ആരംഭിക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട് നിരവധി വെല്ലുവിളികളുണ്ടെന്നും മസ്‌ക് പറഞ്ഞു. പ്രണയ് പാത്തോള്‍ എന്ന വ്യക്തിയുടെ ട്വീറ്റിന് മറുപടിയായി ആണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്.
ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതിക്ക് കേന്ദ്രം ഈടാക്കുന്ന നികുതിയാണ് ടെസ്‌ല നേരിടുന്ന പ്രധാന വെല്ലുവിളി. നികുതി കുറയ്ക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിനോട് ടെസ്‌ല ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ ഉള്ള വാഹനമാണോ എന്ന് പരിശോധിക്കുന്ന ഹോമോലഗേഷന്‍ സര്‍ട്ടിഫിക്കറ്റ് ടെസ്ലയുടെ മോഡലുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഈ വാഹനങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കാനോ ഇറക്കുമതി ചെയ്യാനോ ടെസ്ലയ്ക്ക് സാധിക്കും. 2021ല്‍ ബെംഗളൂരു ആസ്ഥാനമായി ടെസ്ലയുടെ ഇന്ത്യന്‍ കമ്പനിയും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നികുതി കുറയ്ക്കാന്‍ ടെസ്‌ല രാജ്യത്ത് ലോബിയിംഗ് നടത്തുന്നെന്ന് ആരോപണവും ഉണ്ട്. രാജ്യത്തെ ഇലക്ട്രിക് വാഹന നിര്‍മാണ ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാര്‍ ഇതുവരെ ടെസ്‌ലയുടെ ആവശ്യത്തിന് അനുകൂലമായ തീരുമാനം കൈക്കൊണ്ടിട്ടില്ല. വിജയ സാധ്യത പരിഗണിച്ചാവും ഇന്ത്യയിലെ നിര്‍മാണ പ്ലാന്റിനെക്കുറിച്ച് ആലോചിക്കുകയെന്ന് മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെ ഇറക്കുമതി നികുതി മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്നതാണെന്ന നിലപാടിലാണ് മസ്‌ക്. നിലവില്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന 40000 ഡോളറിന് മുകളില്‍ വിലയുള്ള ഇ-വാഹനങ്ങള്‍ക്ക് 100 ശതമാനവും അതിന് താഴെ വിലയുള്ളവയ്ക്ക് 60 ശതമാനവും ആണ് ഇറക്കുമതി നികുതി. ടെസ്ലയുടെ മോഡല്‍ വൈ,3 എന്നിവയ്ക്ക് 38700- 41200 ഡോളറാണ് വില. പ്രീമിയം വാഹനങ്ങളായ മോഡല്‍ എസ്, എക്സ് എന്നിവയ്ക്ക് 81200-91200 ഡോളറും വിലവരും. ലോകത്തെ 70 ശതമാനം ഇലക്ട്രിക് വാഹനങ്ങളും ഇപ്പോള്‍ ചൈനയിലാണ് നിര്‍മിക്കുന്നത്.