റിപ്പയറിംഗിന് 17 ലക്ഷം ചെലവ്: ഒന്നരക്കോടി രൂപയുടെ ടെസ്‌ല കാര്‍ സ്‌ഫോടനമുണ്ടാക്കി തകര്‍ത്ത് ഉടമ
കാറിലെ ആദ്യത്തെ 1500 കിലോ മീറ്റര്‍ യാത്ര കുഴപ്പമില്ലാതെ പോയിരുന്നുവെന്നും പിന്നീട് തകരാര്‍ ഉണ്ടാവുകയായിരുന്നുവെന്നും ഉടമ വീഡിയോയില്‍ പറയുന്നുണ്ട്.
കാര്‍ നിര്‍മാണ രംഗത്ത് വിപ്ലവങ്ങള്‍ കൊണ്ടുവന്ന ഇലോണ്‍ മസ്‌കിന്റെ ടെസ്‌ലയപ്പെറ്റി വ്യാപകമായി ഉയരുന്ന പരാതിയാണ്, വാങ്ങിയശേഷം ശരിയായ സര്‍വീസ് ലഭിക്കുന്നില്ല എന്നത്. ഇപ്പോഴിതാ, ഭീമമായ റിപ്പയറിംഗ് ചെലവ് കാരണം ഒരാള്‍ ടെസ്ല കാര്‍ കത്തിച്ചുകളഞ്ഞിരിക്കുന്നു.
റിപ്പയറിംഗിനായി 17 ലക്ഷം രൂപ ചെലവു വരുമെന്നാണ് കമ്പനി അറിയിച്ചത്. ഫിന്‍ലാന്റില്‍ നിന്നുള്ള ടെസ്‌ല മോഡല്‍ എസ് ഉടമയാണ് തന്റെ കാര്‍ 30 കിലോഗ്രാം സ്‌ഫോടകവസ്തു വച്ച് നശിപ്പിച്ചത്.
ഐസ് പുതഞ്ഞുകിടക്കുന്ന കൈമന്‍ലാക്‌സോ മേഖലയില്‍ വച്ചാണ് കാര്‍ സ്‌ഫോടനത്തിനിരയാക്കിയത്. പ്രദേശത്തേക്ക് കാര്‍ കൊണ്ടുപോകുന്നതു മുതല്‍ തകര്‍ത്ത് തരിപ്പണമാക്കുന്നതു വരെയുള്ള മുഴുവന്‍ ദൃശ്യങ്ങളും പകര്‍ത്തി Pommijatkta എന്ന യൂട്യൂബ് ചാനലില്‍ അപ്ലോഡാക്കുകയും ചെയ്തിട്ടുണ്ട്.
കാറിലെ ആദ്യത്തെ 1500 കിലോ മീറ്റര്‍ യാത്ര കുഴപ്പമില്ലാതെ പോയിരുന്നുവെന്നും പിന്നീട് തകരാര്‍ ഉണ്ടാവുകയായിരുന്നുവെന്നും ഉടമ വീഡിയോയില്‍ പറയുന്നുണ്ട്. ട്രക്കിന്റെ സഹായത്തോടെയാണ് കാര്‍ വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ചത്. കാര്‍ ഒരു നിലയ്ക്കും ശരിയാക്കിയെടുക്കാനാവില്ലെന്നും ബാറ്ററി സെല്‍ മുഴുവനായി മാറ്റേണ്ടിവരുമെന്നും ഒരു മാസത്തിനു ശേഷം കമ്പനിയില്‍ നിന്ന് അറിയിക്കുകയായിരുന്നു. പക്ഷേ, അതിനുള്ള ചെലവ് കേട്ടപ്പോഴാണ് ഞെട്ടിയത്! 20,000 യൂറോ!
ഇതോടെ കാര്‍ വിജനമായ സ്ഥലത്തേക്ക് ട്രക്കില്‍ കൊണ്ടുപോയി സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് നശിപ്പിക്കുകയായിരുന്നു. സിനിമാറ്റിക് രീതിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. കാര്‍ സ്‌ഫോടനത്തിനു മുമ്പ് പ്രദേശത്തേക്ക് ഒരു ഹെലികോപ്റ്റര്‍ എത്തുന്നതും, അതില്‍ നിന്ന് ഇലോണ്‍ മസ്‌കിന്റെ രൂപത്തിലുള്ള ഡമ്മി താഴേക്ക് വീഴുന്നതും പരിഹസിക്കുന്നതും വീഡിയോയിലുണ്ട്. ഈ രൂപത്തെ കാറിനുള്ളില്‍ കയറ്റിയാണ് സ്‌ഫോടനം നടത്തിയത്. അങ്ങനെ ഏകദേശം ഒന്നരക്കോടി രൂപ വിലയുള്ള കാര്‍ ഒറ്റ നിമിഷം കൊണ്ട് തവിടുപൊടിയാക്കി.