ടെസ്ല മോഡല്‍ വൈ അവതരണം ഉടന്‍, മെഴ്‌സിഡീസ് GLAക്ക് ഭീഷണിയാകും

Update:2019-03-11 16:34 IST

ടെസ്ലയുടെ മോഡല്‍ വൈ മാര്‍ച്ച് 14ന് അവതരിപ്പിക്കുമെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചു. ടെസ്ലയുടെ മോഡല്‍ 3 അടിസ്ഥാനമാക്കി നിര്‍മ്മിക്കുന്ന ഈ ഇലക്ട്രിക് ക്രോസോവര്‍ എസ്.യു.വിക്ക് പക്ഷെ അതിനെക്കാള്‍ 10 ശതമാനം വില കൂടുതലായിരിക്കാനാണ് സാധ്യത.

മോഡല്‍ 3യെ അപേക്ഷിച്ച് 10 ശതമാനം വലുപ്പം കൂടുതലുമുണ്ട്. ഇത് പരിഗണിക്കുമ്പോള്‍ അടിസ്ഥാന മോഡലിന്റെ വില 26 ലക്ഷം രൂപയിലായിരിക്കാം തുടങ്ങുന്നത്.

വാഹനത്തിന്റെ അവതരണം ഇലോണ്‍ മസ്‌ക് ട്വിറ്ററിലൂടെയാണ് പ്രഖ്യാപിച്ചതെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മോഡല്‍ 3യില്‍ ഉപയോഗിച്ചിരിക്കുന്ന അതേ ബാറ്ററി യൂണിറ്റാണ് മോഡല്‍ വൈയിലും ഉപയോഗിക്കുന്നത്.

എന്നാല്‍ മോഡല്‍ വൈ വലുപ്പം കൂടിയ വാഹനം ആയതിനാല്‍ മോഡല്‍ 3യെക്കാള്‍ മൈലേജ് കുറയും. ഔദ്യോഗികമായി കമ്പനി മൈലേജ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫുള്‍ ചാര്‍ജിംഗില്‍ 330 കിലോമീറ്റര്‍ വരെ മൈലേജ് പ്രതീക്ഷിക്കാം.

ക്രോസോവറുടെ വര്‍ധിച്ചുവരുന്ന ഡിമാന്റ് മോഡല്‍ വൈയ്ക്ക് തുണയായേക്കും. ചൈനയിലെ ഷാംങ്ഹായ് ഗിഗാഫാക്റ്ററിയിലായിരിക്കും ഇതിന്റെ നിര്‍മാണം. വില കൂടിയ കാറുകളില്‍ നിന്ന് കൂടുതല്‍ ഇക്കണോമിക് കാറുകള്‍ അവതരിപ്പിച്ച് കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് ടെസ്ല മോട്ടോഴ്‌സ്.

Similar News