ചൈന നിര്‍മിച്ച 300,000 വാഹനങ്ങള്‍ ടെസ്ല 'തിരികെവിളിക്കുന്നു'; കാരണമിതാണ്
മോഡല്‍ 3 മോഡല്‍ വൈ വാഹനങ്ങളാണ് തിരികെവിളിക്കുന്നതെങ്കിലും ഉടമസ്ഥര്‍ വാഹനങ്ങള്‍ തിരികെ നല്‍കേണ്ടതില്ല. കൂടുതല്‍ വായിക്കാം.
യുഎസ് ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്ല ഇങ്ക് ചൈന നിര്‍മിതവും ഇറക്കുമതി ചെയ്തതുമായ മോഡല്‍ 3, മോഡല്‍ വൈ വാഹനങ്ങള്‍ തിരിച്ചുവിളിക്കുമെന്ന് ചൈനയുടെ മാര്‍ക്കറ്റ് റെഗുലേറ്റര്‍ ശനിയാഴ്ച അറിയിച്ചു. ചൈനയില്‍ നിര്‍മ്മിച്ച 249,855 മോഡല്‍ 3, മോഡല്‍ വൈ കാറുകളും ഇറക്കുമതി ചെയ്ത 35,665 മോഡല്‍ 3 സെഡാനുകളും തിരിച്ചുവിളിക്കുന്നതായാണ് അറിയിപ്പ്.
എന്നാല്‍ ഇതൊരു വ്യത്യസ്തമായ റീകോളിംഗ് ആണ്. അസിസ്റ്റഡ് ഡ്രൈവിംഗില്‍ ഉപയോഗപ്പെടുത്തുന്ന ഒരു വിദൂര ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ 'റീ കോളിംഗ്' ആണ് ഇതെന്നതിനാല്‍ ഉടമകള്‍ അവരുടെ വാഹനങ്ങള്‍ മടക്കി നല്‍കേണ്ടതില്ല എന്ന് സ്റ്റേറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ മാര്‍ക്കറ്റ് റെഗുലേഷന്‍ വെബ്സൈറ്റില്‍ പറഞ്ഞു.
ഇപ്പോള്‍ മോഡല്‍ 3 സെഡാനുകളും മോഡല്‍ വൈ സ്പോര്‍ട്ട് യൂട്ടിലിറ്റി വാഹനങ്ങളും നിര്‍മ്മിക്കുന്ന ടെസ്ല, മെയ് മാസത്തില്‍ ചൈനയില്‍ നിര്‍മ്മിച്ച 33,463 ഇലക്ട്രിക് കാറുകള്‍ വിറ്റതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
ഉല്‍പ്പന്ന വൈകല്യങ്ങളുമായി ബന്ധപ്പെട്ട മാര്‍ക്കറ്റ് റെഗുലേറ്റര്‍ അന്വേഷണം നടത്തിയ ശേഷമാണ് തീരുമാനമെന്നും തിരികെ വിളിക്കുന്ന കാറുകളുടെ അപ്‌ഗ്രേഡിംഗ് സൗജന്യമായി നല്‍കുമെന്നുമാണ് ടെസ്ല അറിയിച്ചിരിക്കുന്നത്. തിരികെ വിളിക്കുന്ന കാറുകളില്‍ 2019 ജനുവരി 12 മുതല്‍ നവംബര്‍ 27 വരെ ഇറക്കുമതി ചെയ്ത മോഡല്‍ 3 കാറുകളും 2019 ഡിസംബര്‍ 19 മുതല്‍ 2021 ജൂണ്‍ 7 വരെ പ്രാദേശികമായി നിര്‍മിച്ച കാറുകളും ഈ വര്‍ഷം ജൂണ്‍ 7 വരെ നിര്‍മ്മിച്ച മോഡല്‍ വൈ കാറുകളും ഉള്‍പ്പെടുന്നുവെന്നും അറിയിപ്പ് പറയുന്നു.