ജാപ്പനീസ് റോള്‍സ് റോയ്‌സ് 'ടൊയോട്ട സെഞ്ച്വറി എസ്.യു.വി' എത്തി
നിലവില്‍ സെഞ്ചുറി സെഡാന്‍ ജപ്പാനില്‍ മാത്രമാണ് ലഭ്യമായിട്ടുള്ളത്
ടൊയോട്ടയുടെ സെഞ്ചുറി എസ്.യു.വി ആഗോളതലത്തില്‍ അവതരിപ്പിച്ചു. ആഡംബര സൗകര്യങ്ങളും സുരക്ഷയും ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ടൊയോട്ടയുടെ വാഹനമാണ് ഈ എസ്.യു.വി. ജപ്പാന്‍ വിപണിയില്‍ 1967 മുതലുള്ള വാഹനമാണ് സെഞ്ചുറി. സെഞ്ചുറി സെഡാന്‍ മാത്രമാണ് നിലവിൽ ലഭ്യമായിട്ടുള്ളത്.
ജാപ്പനീസ് റോള്‍സ് റോയ്‌സ് എന്നൊരു വിളിപേരുമുണ്ട് ടൊയോട്ട സെഞ്ച്വറിക്ക്. ഇന്ന് ആഗോളവിപണിയിലെത്തിയ ടൊയോട്ട സെഞ്ചുറി എസ്.യു.വി റേഞ്ച് റോവര്‍, മെഴ്സിഡസ്-മെയ്ബാക്ക് ജി.എല്‍.എസ്, റോള്‍സ്-റോയ്സ് കള്ളിനന്‍, ബെന്റ്ലി ബെന്റയ്ഗ എന്നിവയ്ക്ക് വെല്ലുവിളിയായേക്കും.
സവിശേഷതകള്‍ ഏറെ
ആഗോള വിപണിയിലേക്കെത്തിയ സെഞ്ചുറി എസ്.യു.വിക്ക് ഏറെ പ്രത്യേകതകളുണ്ട്. ഏതാണ്ട് 5.2 മീറ്റര്‍ നീളവും 1.9 മീറ്റര്‍ വീതിയുമുള്ള വലിയ കാറാണ് ടൊയോട്ട സെഞ്ചുറി എസ്.യു.വി. നാല് സീറ്റുകളാണ് ഇതിനുള്ളത്. കറങ്ങുന്ന പിക്നിക് ടേബിളുകളും, 11.6 ഇഞ്ച് ടി.വി, റഫ്രിജറേറ്റര്‍ ഇതിനുണ്ട്. ഇന്‍ഫോടെയ്ന്‍മെന്റിനും ഇന്‍സ്ട്രുമെന്റേഷനുമായി രണ്ട് 12.3 ഇഞ്ച് ഡിസ്പ്ലേകള്‍ ഇതിനുണ്ട്. 18 സ്പീക്കര്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഡിജിറ്റല്‍ റിയര്‍ വ്യൂ മിറര്‍ തുടങ്ങി നിരവധി സവിശേഷതകള്‍ ഇതിനുണ്ട്. ഹെഡ്ലാമ്പുകള്‍ സെഞ്ച്വറി സെഡാന്റെ ആകൃതിയോട് സമാനമാണ്.
ടൊയോട്ട സെഞ്ചുറി എസ്.യു.വി 3.5 ലിറ്റര്‍ വി6 പെട്രോള്‍ എഞ്ചിനുള്ള പ്ലഗ്-ഇന്‍ ഹൈബ്രിഡ് 406 എച്ച്പി കരുത്തു പകരും. സെഞ്ച്വറി എസ്.യു.വിക്ക് 69 കിലോമീറ്റര്‍ വരെ ഓള്‍-ഇലക്ട്രിക് റേഞ്ച് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. നോര്‍മല്‍, ഇക്കോ, സ്പോര്‍ട് എന്നിവ ഉള്‍പ്പെടുന്ന നിരവധി ഡ്രൈവ് മോഡുകള്‍ ഇതിനുണ്ട്.