കുതിക്കാന്‍ ഇവി വിപണി, ടോപ് 10 ഇ-സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍ ഇവരാണ്
ഹീറോ, ഒക്കിനാവ, ഏഥര്‍ എന്നിവര്‍ക്കുമാത്രമാണ് രണ്ടക്ക വിപണി വിഹിതമുള്ളത്
2022 കാത്തിരിക്കുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ കുതിച്ചുചാട്ടമായിരിക്കുമെന്നാണ് വിപണി വിലയിരുത്തല്‍. സൊസൈറ്റി ഓഫ് മാനുഫാക്‌ചേഴ്‌സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ( എസ്എംഇവി) പറയുന്നത് 2022ല്‍ ഒരു മില്യണ്‍ വാഹനങ്ങള്‍ വിറ്റുപോകുമെന്നാണ്. അതില്‍ ഭൂരിഭാഗവും ഇരുചക്രവാഹനങ്ങളായിരിക്കും എന്നാണ് സംഘടനയുടെ വിലയിരുത്തല്‍. കഴിഞ്ഞ 15 വര്‍ഷം കൊണ്ട് വിവിധ കമ്പനികള്‍ നേടിയ വില്‍പ്പനയ്ക്ക് തുല്യമായിരിക്കും ഈ വര്‍ഷത്തെ നേട്ടമെന്നും ഇവര്‍ പറയുന്നു.
2021ല്‍ രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ 132 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. 2020ല്‍ 1,00,736 യൂണീറ്റായിരുന്നെങ്കില്‍ 2021ല്‍ 2,33,971 യൂണീറ്റുകളാണ് വില്‍പ്പന നേടിയത്. 25 കി.മീറ്ററില്‍ അധികം വേഗതയുള്ള, ഉപയോഗിക്കാന്‍ ലൈസന്‍സ് ആവശ്യമുള്ള ഇ-സ്‌കൂട്ടറുകളുടെ വില്‍പ്പന ഇക്കാലയളവില്‍ 425 ശതമാനമാണ് വര്‍ധിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഫെയിം പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത, വേഗത കുറഞ്ഞ സ്‌കൂട്ടറുകളുടെ വില്‍പ്പന കുറയുകയാണ്.
ടോപ്പ് 10 ഇ-സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍
- 2021 ജനുവരി മുതല്‍ ഡിസംബര്‍വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്തെ ഏറ്റവും വലിയ ഇ-സ്‌കൂട്ടര്‍ നിര്‍മാതാക്കള്‍ ഹീറോ ഇലക്ട്രിക് ആണ്. 34 ശതമാനമാണ് ഹീറോയുടെ വിപണി വിഹിതം. 46,214 യൂണീറ്റുകളാണ് ഹീറോ കഴിഞ്ഞ വര്‍ഷം വിറ്റത്. 22 ശതമാനം വിപണി വിഹിതവുമായി ഒക്കിനാവയാണ് രണ്ടാമത്. ഒക്കിനാവയുടെ 29,868 സ്‌കൂട്ടറുകളാണ് 2021ല്‍ വിറ്റുപോയത്.
- വിപണി വിഹിതത്തില്‍ 12 ശതമാനം സ്വന്തമായുള്ള ഏഥര്‍ ആണ് മൂന്നാം സ്ഥാനത്ത്. ഹീറോ, ഒക്കിനാവ, ഏഥര്‍ എന്നിവര്‍ക്കുമാത്രമാണ് രണ്ടക്ക വിപണി വിഹിതമുള്ളത്. 15,836 സ്‌കൂട്ടറുകളാണ് ഏഥര്‍ കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത്. യഥാക്രമം 9 % , 8% വിപണി വിഹിതമുള്ള ആംപിയറും പ്യുവറും ആണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.
- ഇവി വിഭാഗത്തില്‍ ഓരോ മോഡലുകള്‍ വീതം അവതരിപ്പിച്ച പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസിന് 4 ശതമാനവും ബജാജിന് 3 ശതമാനവുമാണ് വിപണി വിഹിതം. സെഗ്മെന്റില്‍ ബൈക്കുകള്‍ അവതരിപ്പിക്കുന്ന ഏക കമ്പനി റിവോള്‍ട്ട് 4,687 യൂണീറ്റുകള്‍ വിറ്റഴിച്ചു. ബെന്‍ലിംഗ് ഇന്ത്യ (4,421, ജിതേന്ദ്ര ന്യൂ ഇവി (1,930) എന്നിവയാണ് എസ്എംഇവി പുറത്തിറക്കിയ പട്ടികയില്‍ ആദ്യ പത്തിലുള്ള മറ്റ് രണ്ട് നിര്‍മാതാക്കള്‍.