ഇന്ത്യയില്‍ കാര്‍ വില്‍പ്പന കുറഞ്ഞു

ടാറ്റയുടെ വില്‍പ്പന കൂടി, മാരുതിയുടേത് കുറഞ്ഞു

Update: 2022-02-02 10:56 GMT

രാജ്യത്ത് കാര്‍ വില്‍പ്പനയില്‍ ജനുവരിയില്‍ 16.7 ശതമാനം ഇടിവ്. 2,45,262 യൂണിറ്റുകളാണ് കഴിഞ്ഞ മാസം രാജ്യത്ത് വിറ്റുപോയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 2,86,235 യൂണിറ്റുകള്‍ വിറ്റുപോയിരുന്നു.

അതേസമയം വില്‍പ്പനയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച നേടിയത് ടാറ്റ മോട്ടോഴ്‌സ് ആണ്. ഏകദേശം 27 ശതമാനം വര്‍ധനയാണ് രാജ്യാന്തര വിപണിയിലടക്കം നേടിയ വില്‍പ്പനയിലൂടെ ടാറ്റ മോട്ടോഴ്‌സ് നേടിയത്. ആഭ്യന്തര വിപണിയില്‍ 26 ശതമാനം വളര്‍ച്ച ടാറ്റ നേടി. 72,485 യൂണിറ്റുകളാണ് കഴിഞ്ഞ മാസം ടാറ്റ മോട്ടോഴ്‌സ് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 57,649 യൂണിറ്റുകളായിരുന്നു വിറ്റിരുന്നത്. ടാറ്റ വിറ്റവയില്‍ 40,777 യൂണിറ്റ് യാത്രാ വാഹനങ്ങളായിരുന്നു. 28,108 യൂണിറ്റ് എസ് യു വികളും 2892 വൈദ്യുത വാഹനങ്ങളും ടാറ്റ വിറ്റഴിച്ചു.
കാര്‍ വില്‍പ്പനയില്‍ എണ്ണത്തില്‍ മുന്നില്‍ മാരുതി സുസുകിയാണ്. 1,54,379 യൂണിറ്റുകളാണ് കഴിഞ്ഞ മാസം രാജ്യത്തനകത്തും പുറത്തുമായി മാരുതി വിറ്റത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 1,60,752 യൂണിറ്റുകള്‍ വിറ്റിരുന്നു. ഇലക്ട്രിക് ഭാഗങ്ങള്‍ ലഭിക്കാനുള്ള ബുദ്ധിമുട്ടാണ് മാരുതിയുടെ വില്‍പ്പന കുറച്ചതെന്നാണ് റിപ്പോര്‍ട്ട്. ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ് എന്നിവ 71,472 യൂണിറ്റ് വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 76,935 യൂണിറ്റ് വിറ്റ സ്ഥാനത്താണിത്.
മഹീന്ദ്രയുടെ വില്‍പ്പനയില്‍ 3 ശതമാനം ഇടിവുണ്ടായി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 20,634 യൂണിറ്റ് വിറ്റപ്പോള്‍ ഈ വര്‍ഷം ജനുവരിയില്‍ 19964 മാത്രമാണ് വില്‍ക്കാനായത്.
സെമികണ്ടക്ടറുമായി ബന്ധപ്പെട്ട ഭാഗങ്ങളുടെ ലഭ്യതക്കുറവ് രാജ്യത്ത് കാര്‍ നിര്‍മാണത്തെ പ്രതികൂലമായി ബാധിച്ചതും വില്‍പ്പനയിടിവിന് കാരണമായി.
ഹ്യുണ്ടായ് കഴിഞ്ഞ മാസം 44000 യൂണിറ്റുകള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 52000 യൂണിറ്റുകള്‍ വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ ഡിസംബറിനേതിനേക്കാള്‍ (32,312 യൂണിറ്റ്) വില്‍പ്പന മെച്ചപ്പെട്ടു.
എംജി മോട്ടോഴ്‌സിന്റെ വില്‍പ്പനയില്‍ വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 3602 യൂണിറ്റുകള്‍ വിറ്റിടത്ത് ഇത്തവണ 4306 യൂണിറ്റുകളായി. ടൊയോട്ടയുടെ വില്‍പ്പനയില്‍ 34 ശതമാനം ഇടിവുണ്ടായി. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ 11,126 യൂണിറ്റ് വിറ്റപ്പോള്‍ ഇത്തവണ അത് 7328 യൂണിറ്റിലൊതുങ്ങി.
അതേസമയം മാരുതി സുസുകി, ഹ്യൂണ്ടായ്, മഹീന്ദ്ര & മഹീന്ദ്ര, ടോയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍, ഹോണ്ട എന്നിവയുടെ മൊത്തവില്‍പ്പനയിലും ഇടിവുണ്ടായിട്ടുണ്ട്. നിര്‍മാണ ഫാക്ടറികളില്‍ നിന്ന് ഡീലര്‍മാരിലേക്ക് എത്തിക്കുന്ന വാഹനങ്ങളുടെ കണക്കാണിത്.


Tags:    

Similar News