ടൊയോട്ടയുടെ ഇലക്ട്രിക് കാര്‍ ഇന്ത്യയിലെത്തും

Update:2019-10-23 17:31 IST

ഇന്ത്യന്‍ വിപണിയിലേക്ക് ബാറ്ററി ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കുമെന്ന് ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍. മാരുതി സുസുക്കിയുടെ സഹകരണത്തോടെ വികസിപ്പിക്കുന്ന ഇന്ത്യയിലേക്കുള്ള ടൊയോട്ടയുടെ ഇലക്ട്രിക് കാര്‍ വിപണിയിലെത്തിക്കാനുള്ള തയാറെടുപ്പുകളിലാണ് കമ്പനി.

മാരുതി സുസുക്കി വാഗണ്‍ ആര്‍ ഇലക്ട്രിക് മോഡലിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും ടൊയോട്ട വിപണിയിലിറക്കുന്ന ഈ കോമ്പാക്റ്റ് ഇലക്ട്രിക് കാറെന്ന് അഭ്യൂഹങ്ങളുണ്ട്. രണ്ടിനും ഒരേ പ്ലാറ്റ്‌ഫോമും പവറും ആയിരിക്കും. ഇലക്ട്രിക് വാഗണ്‍ ആര്‍ 2020ഓടെയായിരിക്കും വിപണിയിലെത്തുക. ഒറ്റ ചാര്‍ജിംഗില് 130 കിലോമീറ്റര്‍ ദൂരം പോകാനുള്ള ശേഷിയുണ്ടാകും ഇതിന്.

ടൊയോട്ടയുടെ ഇലക്ട്രിക് മോഡല്‍ യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചശേഷം മാത്രമേ ഇന്ത്യയിലെത്തൂ. തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ 2020 ആദ്യത്തോടെ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് ടൊയോട്ടയുടെ ചീഫ് ടെക്‌നോളജി ഓഫീസര്‍ ഷിഗേക്കി ടെറാഷി പറഞ്ഞു. ടൊയോട്ട, ലെക്‌സസ് ബ്രാന്‍ഡുകളില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. 

Similar News