വില വര്‍ധനവുമായി ടൊയോട്ട കിര്‍ലോസ്‌കറും, ഉയര്‍ത്തുന്നത് നാല് ശതമാനം
വില വര്‍ധനവ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും
തങ്ങളുടെ മോഡലുകളില്‍ വില വര്‍ധനവുമായി വാഹന നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കറും. വര്‍ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളുടെ ആഘാതം നികകത്തുന്നതിനായി മോഡലുകളിലുടനീളം നാല് ശതമാനം വരെ വില വര്‍ധവാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ശനിയാഴ്ച പ്രഖ്യാപിച്ചത്. വില വര്‍ധനവ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഫോര്‍ച്യൂണര്‍, ഇന്നോവ ക്രിസ്റ്റ തുടങ്ങിയ മോഡലുകള്‍ വില്‍ക്കുന്ന കമ്പനി, അസംസ്‌കൃത വസ്തുക്കളുള്‍പ്പെടെയുള്ള ഇന്‍പുട്ട് ചെലവ് വര്‍ധിക്കുന്നതിനാലാണ് വില വര്‍ധിപ്പിക്കുന്നതെന്ന് വ്യക്തമാക്കി.
നേരത്തെ, തങ്ങളുടെ മോഡലുകളില്‍ 3.5 ശതമാനം വരെ വില വര്‍ധിപ്പിക്കുമെന്ന് ബിഎംഡബ്ല്യു ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, മറ്റ് ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡി, മെഴ്സിഡീസ് ബെന്‍സ് എന്നിവയും ഏപ്രില്‍ 1 മുതല്‍ വില വര്‍ധിപ്പിക്കും.