ടൊയോറ്റ കിര്‍ലോസ്‌കറിന്റെ യാരിസ് നിരത്തുകളില്‍നിന്ന് പിന്‍വാങ്ങുന്നു, വില്‍പ്പന നിര്‍ത്തിച്ചു

കഴിഞ്ഞ നാല് മാസമായി കമ്പനി ഈ മോഡലിന്റെ ഒരു യൂണിറ്റ് പോലും നിര്‍മ്മിച്ചിട്ടില്ല;

Update:2021-09-27 16:15 IST
ടൊയോറ്റ കിര്‍ലോസ്‌കറിന്റെ യാരിസ് നിരത്തുകളില്‍നിന്ന്  പിന്‍വാങ്ങുന്നു, വില്‍പ്പന നിര്‍ത്തിച്ചു
  • whatsapp icon

ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ടൊയോട്ടയുടെയും കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സിന്റെയും സംയുക്ത സംരംഭമായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സിന്റെ മിഡ് സെഗ്മെന്റ് സെഡാന്‍ മോഡലായ യാരിസിന്റെ വില്‍പ്പന നിര്‍ത്തിവച്ചു. ഇന്നുമുതല്‍ യാരിസ് മോഡലിന്റെ വില്‍പ്പന ഇന്ത്യയില്‍ നിര്‍ത്തലാക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. മെച്ചപ്പെട്ട സാങ്കേതികവിദ്യകളിലൂടെയും ഉല്‍പ്പന്ന ഓഫറുകളിലൂടെയും ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ടൊയോട്ടയുടെ തന്ത്രങ്ങളുടെ ഭാഗമായാണ് ഈ നീക്കമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, മോഡലിന്റെ വില്‍പ്പന നിര്‍ത്തിവയ്ക്കുമെങ്കിലും 10 വര്‍ഷത്തേക്ക് ടൊയോട്ടയുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ യാരിസ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്നും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. രാജ്യമെമ്പാടുമുള്ള ഞങ്ങളുടെ ഡീലര്‍ സര്‍വീസ് ഔട്ട്‌ലെറ്റുകള്‍ വഴി യാരിസ് ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നത് തുടരുമെന്ന് വാഹന നിര്‍മ്മാതാവ് കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ഏപ്രിലില്‍ യാരിസിന്റെ 237 യൂണിറ്റുകള്‍ മാത്രമാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് നിര്‍മിച്ചത്. കഴിഞ്ഞ നാല് മാസമായി കമ്പനി ഈ മോഡലിന്റെ ഒരു യൂണിറ്റ് പോലും നിര്‍മ്മിച്ചിട്ടില്ല. 2018 ഏപ്രിലില്‍ അവതരിപ്പിച്ച ഈ മോഡല്‍ 2019 സാമ്പത്തിക വര്‍ഷത്തില്‍ 11,831 യൂണിറ്റും 2020 ല്‍ 3,602 യൂണിറ്റും 2021ല്‍ 4,056 യൂണിറ്റുകളുമാണ് വില്‍പ്പന നേടിയത്.
''ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളുടെയും പിന്തുണയ്ക്കും ബ്രാന്‍ഡില്‍ വിശ്വാസം അര്‍പ്പിച്ചതിനും ഞങ്ങള്‍ നന്ദി പറയുന്നു. നിലവിലുള്ള മറ്റ് ഓഫറുകളുമായി അത്തരം ഉപഭോക്താക്കള്‍ക്ക് സേവനം തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, 2022 ല്‍ പുതിയ മോഡലുകള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്' കമ്പനി പ്രസ്താവനയില്‍ വ്യക്തമാക്കി.


Tags:    

Similar News