ആഡംബര ബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ ഓടാന്‍ കഴിയുന്ന വിധത്തില്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യാനുള്ള നീക്കം കെ എസ് ആര്‍ ടി സിയിലെ പ്രതിസന്ധി വര്‍ദ്ധിപ്പിക്കുമെന്ന് നിരീക്ഷണം. 22 സീറ്റില്‍ കൂടുതലുള്ള ലക്ഷ്വറി എ.സി. ബസുകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയും പ്രത്യേക ചുങ്കവുമില്ലാതെ റൂട്ട് ബസായി സര്‍സീസ് നടത്താനുള്ള അനുമതിയാണ് യാഥാര്‍ത്ഥ്യമാകുന്നത്.
കെ.എസ്.ആര്‍.ടി.സി.ക്കു മാത്രമായി ഓടാന്‍ അനുവദിച്ച ദേശസാത്കൃത സ്‌കീമിനും പുതിയ നീക്കം ഭീഷണിയാകും. കടുത്ത സാമ്പത്തിക ക്‌ളശമനുഭവിക്കുന്ന കെ.എസ്.ആര്‍.ടി.സി.യുടെ ദിവസ വരുമാനത്തിന്റെ സിംഹഭാഗവും നല്‍കുന്നത് 1200 ദീര്‍ഘദൂര ബസുകളാണ്. ഇവയുടെ വരുമാനം കുറഞ്ഞാല്‍ കെ എസ് ആര്‍ ടി സി ക്കു പിടിച്ചുനില്‍ക്കാനാകാതെ വരും. സംസ്ഥാനാന്തര പാതകളില്‍ ഓടുന്ന സ്വകാര്യബസുകള്‍ക്കെല്ലാം സംസ്ഥാനത്തിനുള്ളിലും ഓടാനാകും.
കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെയുള്ള പൊതുമേഖലാ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്ക് ഭീഷണിയാകുന്ന നീക്കത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. 15-നു ചേരുന്ന മന്ത്രിസഭായോഗത്തിനുശേഷം ഇക്കാര്യം ചര്‍ച്ചചെയ്യാനായി പ്രത്യേകയോഗം ചേരും. നിയമസെക്രട്ടറി, ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി, ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എന്നിവരുമായി കൂടിയാലോചിച്ച് ഭേദഗതിക്കെതിരേ ആക്ഷേപം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ബസ് മേഖല കുത്തകകള്‍ക്കു കൈമാറാനുള്ള നീക്കം കേന്ദ്ര മോട്ടോര്‍വാഹന നിയമഭേദഗതിയില്‍ ഉണ്ടായിരുന്നു. ഇതേക്കുറിച്ച് സംസ്ഥാനം പല തവണ ആശങ്കയറിയിച്ചതാണ്. കെ.എസ്.ആര്‍.ടി.സി.ക്കു മാത്രമല്ല രാജ്യത്തെ എല്ലാ പൊതുമേഖലാ റോഡ് ട്രാന്‍സ്പോര്‍ട്ടിങ് കോര്‍പ്പറേഷനുകള്‍ക്കും ഈ ഭേദഗതി ഭീഷണിയാണ്. ഇത് കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി വിശദീകരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റേജ് കാര്യേജ് പെര്‍മിറ്റ് വേണമെന്ന നിബന്ധനയാണ് സ്വകാര്യ ലക്ഷ്വറി ബസുകള്‍ക്ക് നിലവിലെ തടസ്സം. കരാറടിസ്ഥാനത്തില്‍ ഒരു സ്ഥലത്തുനിന്നു യാത്രക്കാരെ കൂട്ടത്തോടെ മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകാനുള്ള കോണ്‍ട്രാക്ട് കാര്യേജ് പെര്‍മിറ്റാണ് ഇവര്‍ക്കു നല്‍കുക. റൂട്ട് നിശ്ചയിച്ച് നിരക്ക് പ്രഖ്യാപിച്ച് ഓരോ പോയന്റില്‍നിന്നും യാത്രക്കാരെ കയറ്റിക്കൊണ്ടു പോകാനുള്ളതാണ് സ്റ്റേജ് കാര്യേജ് പെര്‍മിറ്റ്. ഇതില്‍ റൂട്ട്, സമയം, പെര്‍മിറ്റ്, ടിക്കറ്റ് നിരക്ക് എന്നിവയെല്ലാം സംസ്ഥാനസര്‍ക്കാര്‍ നിശ്ചയിക്കും. എന്നാല്‍, പുതിയ ഭേദഗതി വന്നാല്‍ കോണ്‍ട്രാക്റ്റ് ക്യാരേജ് ബസുകള്‍ക്ക് അവര്‍ നിശ്ചയിക്കുന്ന സമയത്തും പാതകളിലും ഓടാനാകും.
അന്തസ്സംസ്ഥാന പാതകളിലെ സ്വകാര്യ ആഡംബര ബസുകള്‍ക്ക് അംഗീകൃത ടിക്കറ്റ് നിരക്കില്ല. തിരക്കിനനുസരിച്ച് കൂട്ടിയും കുറച്ചുമാണ് അവര്‍ ടിക്കറ്റ് തുക വാങ്ങുന്നത്. പെര്‍മിറ്റില്ലാതെ ഓടുന്നതിന്റെ പേരില്‍ കേസെടുത്താണ് ഇവയെ നിലവില്‍ സര്‍ക്കാര്‍ നിയന്ത്രിക്കുന്നത്. പെര്‍മിറ്റ് ആവശ്യമില്ലെന്നുവന്നാല്‍ ഇവയുടെമേല്‍ സര്‍ക്കാരിനുള്ള നിയന്ത്രണം നഷ്ടമാകും. കെ.എസ്.ആര്‍.ടി.സി.യെ സംരക്ഷിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കിയ ഫ്ളീറ്റ് ഓണര്‍ നിയമത്തെയും പുതിയ ഭേദഗതിയിലൂടെ സ്വകാര്യബസുകാര്‍ക്ക് മറിടക്കാം. സംസ്ഥാനത്തിനുള്ളില്‍ ദീര്‍ഘദൂര ബസുകള്‍ ഓടിക്കണമെങ്കില്‍ നിശ്ചിത കിലോമീറ്ററുകള്‍ക്കുള്ളില്‍ ബസ് സ്റ്റാന്‍ഡും യാത്രക്കാര്‍ക്ക് വിശ്രമസൗകര്യവും വേണം. ഇതിന് കെ.എസ്.ആര്‍.ടി.സി.ക്കു മാത്രമാണു കഴിയുക.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine