ടയര്‍ സുരക്ഷയിലുമുണ്ട് അല്‍പ്പം കാര്യം, ഇക്കാര്യങ്ങള്‍ മറക്കല്ലേ

ശരിയായ വീല്‍ അലൈന്‍മെന്റ് ടയറിന്റെ ആയുസ് 30 ശതമാനം കൂട്ടുകയും ഇന്ധനക്ഷമത രണ്ട് ശതമാനം വര്‍ധിപ്പിക്കുകയും ചെയ്യും;

Update:2022-04-19 08:45 IST

വാഹനത്തിലിരിക്കുമ്പോള്‍ നിങ്ങളെ റോഡുമായി ബന്ധിപ്പിക്കുന്ന ഒരേയൊരു ഘടകം ടയറാണ്. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ വാഹനത്തിന്റെ പാദങ്ങളാണ് ടയറുകള്‍. ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമല്ലേ എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. ശരിയാണ്, എല്ലാവര്‍ക്കും ഇക്കാര്യം അറിയാമെങ്കില്‍ തന്നെയും ഭൂരിപക്ഷവും ടയറുകളുടെ സുരക്ഷയെ അവഗണിക്കുകയാണ് പതിവ്. ഈ അവഗണന നിങ്ങളുടെ ജീവനെപ്പോലും ബാധിച്ചേക്കാം. അതിനാല്‍ തന്നെ ടയറിന്റെ സുരക്ഷയ്ക്ക് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നോക്കാം.

1. ടയര്‍ പ്രഷര്‍ പരിശോധിക്കുക
കാഴ്ചയില്‍ ടയറിന് കാറ്റ് കുറവാണെന്ന് തോന്നുമ്പോള്‍ മാത്രമല്ല മര്‍ദ്ദം പരിശോധിക്കേണ്ടത്. കൃത്യമായ ഇടവേളകളില്‍ അത് ചെയ്യുക. ടയര്‍ മര്‍ദ്ദം ശരിയല്ലെങ്കില്‍ റോഡുമായുള്ള ഗ്രിപ്പിനെയും ഇന്ധനക്ഷമതയെയും അത് ബാധിക്കും. വാഹന നിര്‍മാതാവ് അനുശാസിക്കുന്ന അളവിലാണ് ടയറില്‍ മര്‍ദ്ദം നിറയ്ക്കേണ്ടത്. ഇടയ്ക്കിടെ പരിശോധിക്കുന്നത് അസൗകര്യമാണെങ്കില്‍ നൈട്രജന്‍ നിറയ്ക്കുക. സാധാരണ വായുവിനേക്കാള്‍ കൂടുതല്‍ നാള്‍ മര്‍ദ്ദം നിലനിര്‍ത്താന്‍ നൈട്രജന്‍ നിറയ്ക്കുന്നതിലൂടെ സാധിക്കും.
2. ടയര്‍ ട്രെഡ് ആഴം അറിയുക
എല്ലാ ടയര്‍ നിര്‍മാതാക്കളും തന്നെ ടയര്‍ ട്രെഡ് കുറയുമ്പോള്‍ അറിയാനുള്ള അടയാളം ടയറില്‍ കൊടുത്തിട്ടുണ്ടാകും. അതുകൊണ്ട് തന്നെ സാധാരണ ഉപഭോക്താവിന് തേയ്മാനം അറിയാന്‍ കഴിയും. 1.6 മില്ലി മീറ്റര്‍ ട്രെഡ് എങ്കിലും ടയറില്‍ ഉണ്ടാകണമെന്നാണ് മിക്ക ടയര്‍ നിര്‍മാതാക്കളും നിഷ്‌കര്‍ഷിക്കുന്നത്.
3. വീല്‍ അലൈന്‍മെന്റ് നടത്തുക
നേരെയുള്ള റോഡിലൂടെ പോകുമ്പോഴും സ്റ്റിയറിംഗിന് വലത്തേക്കോ ഇടത്തേക്കോ ഒരു വലിവ് തോന്നുന്നുണ്ടെങ്കില്‍ വീല്‍ അലൈന്‍മെന്റ് നടത്താന്‍ സമയമായി. വീല്‍ അലൈന്‍മെന്റ് ശരിയല്ലെങ്കില്‍ അത് ടയറിന്റെ ആയുസിനെയും വാഹനത്തിന്റെ സുരക്ഷിതത്വത്തെയും ബാധിക്കും. ശരിയായ വീല്‍ അലൈന്‍മെന്റ് ടയറിന്റെ ആയുസ് 30 ശതമാനം കൂട്ടുകയും ഇന്ധനക്ഷമത രണ്ട് ശതമാനം കൂട്ടുകയും ചെയ്യുന്നു.
4.വീല്‍ ബാലന്‍സിംഗും പ്രധാനം
സ്റ്റിയറിംഗില്‍ അനുഭവപ്പെടുന്ന കമ്പനം ഒരു പക്ഷേ വീല്‍ ബാലന്‍സിംഗ് ശരിയല്ലാത്തത് കൊണ്ടായിരിക്കാം. ഇത് സ്റ്റിയറിംഗിലെ വിവിധ ഘടകങ്ങളുടെ പ്രവര്‍ത്തനത്തെയും ടയറുകളെയും ബാധിച്ചേക്കാം.
5. ടയറിന്റെ ആയുസ് എത്ര?
ടയറിനും ഒരു എക്സ്പയറി ഡേറ്റുണ്ടെന്ന കാര്യം നാം ഓര്‍ക്കാറില്ല. ടയറിന്റെ വശങ്ങളില്‍ സൂക്ഷിച്ചുനോക്കിയാല്‍ അത് നിര്‍മിച്ച വര്‍ഷം രേഖപ്പെടുത്തിയത് കാണാം. റബറുകൊണ്ടാണ് ടയര്‍ നിര്‍മിക്കുന്നത് എന്നതിനാല്‍ നിശ്ചിത വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ അതിന്റെ കാര്യക്ഷമത കുറഞ്ഞേക്കും. അതുകൊണ്ട് ടയര്‍ വാങ്ങുമ്പോള്‍ അത് പുതിയതാണെന്ന് ഉറപ്പുവരുത്തുക. മാനുഫാക്ചറിംഗ് തീയതി കഴിഞ്ഞ് ആറുവര്‍ഷം പിന്നിട്ട ടയര്‍ ഉപയോഗിക്കുന്നത് പല വാഹന നിര്‍മാതാക്കളും വിലക്കുന്നുണ്ട്.


Tags:    

Similar News