2023 ല്‍ ഇന്ത്യന്‍ വിപണിയിലെത്തുന്ന പുതിയ 10 എസ് യു വികള്‍
അടുത്ത വര്‍ഷം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പത്ത് എസ് യു വികള്‍
പ്രമുഖ വാഹന നിര്‍മാതാക്കളെല്ലാം പുതുവര്‍ഷത്തില്‍ പുതിയ എസ് യു വികള്‍ നിരത്തിലിറക്കാനുള്ള ശ്രമത്തിലാണ്. ജീപ്പ്, എംജി തുടങ്ങിയ കമ്പനികളെല്ലാം അതിലുണ്ട്. അടുത്ത വര്‍ഷം എത്തുന്ന പ്രധാന എസ് യു വികള്‍ ഇവയാണ്.
ജീപ്പ് അവഞ്ചര്‍
ജീപ് അവരുടെ അവഞ്ചര്‍ എസ് യു വി മാര്‍ച്ചില്‍ വിപണിയില്‍ എത്തിച്ചേക്കുമെന്നാണ് സൂചന. സിട്രോയന്‍ സി 3യുടെ 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാകും ഇതിലുണ്ടാവുക. ബ്രെസ, മാഗ്‌നൈറ്റ്, സോണറ്റ്, നെക്സോണ്‍ തുടങ്ങിയവയാകും വിപണിയിലെ എതിരാളികള്‍. 8 ലക്ഷത്തിനും 12 ലക്ഷത്തിനും ഇടയില്‍ എക്സ് ഷോറൂം വില ആയിരിക്കാനാണ് സാധ്യത.
മാരുതി ജിമ്നി
അഞ്ചു ഡോറുള്ള മാരുതി ജിമ്നി ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് മാരുതി. ഇന്ത്യന്‍ നിരത്തുകളില്‍ പല തവണ ടെസ്റ്റ് ഡ്രൈവ് നടത്തിയ വാഹനം 2023 ലെ ഓട്ടോ എക്സ്പോയില്‍ അവതരിപ്പിക്കും.
ടാറ്റ ഹാരിയര്‍, സഫാരി
ടാറ്റയുടെ ഹാരിയര്‍, സഫാരി എന്നിവയുടെ മുഖം മിനുക്കിയ വേരിയന്റുകള്‍ വിപണിയിലെത്തിക്കാനാണ് ടാറ്റയുടെ ശ്രമം. പുതിയ എക്സ്റ്റീരിയര്‍ ഡിസൈന്‍, വലിയ ടച്ച് സ്‌ക്രീന്‍, 36- ഡിഗ്രി കാമറ തുടങ്ങിയവ പുതിയ വേരിയന്റില്‍ ഉണ്ടാകും. 2023 ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ചേക്കും.
നിസാന്‍ എക്സ് ട്രയല്‍
പുതുമയാര്‍ന്ന ഡിസൈനും ഫീച്ചറുകളുമാണ് നിസാന്‍ എക്സ് ട്രയലിനെ ആകര്‍ഷകമാക്കുന്നത്. എപ്പോള്‍ വിപണിയിലിറക്കുമെന്നതു സംബന്ധിച്ച് അറിയിപ്പുകളൊന്നും ഇല്ലെങ്കിലും ഓട്ടോ എക്സ്പോ 2023 ല്‍ അവതരിപ്പിച്ചേക്കും.
ഹോണ്ട എച്ച് ആര്‍- വി
2023 പകുതിയോടെ ഹോണ്ടയുടെ അഞ്ചു സീറ്റുകളുള്ള ഈ വാഹനം വിപണിയില്‍ എത്തിയേക്കും. ഹ്യൂണ്ടായ് ക്രെറ്റ, മാരുതി ബ്രെസ്സ, കിയ സെല്‍റ്റോസ് തുടങ്ങിയവയുടെ നിരയിലേക്കാണ് ഹോണ്ട എച്ച് ആര്‍- വിയും വരുന്നത്.
എംജി ഹെക്ടര്‍
പുതിയ മുഖവുമായി എംജി ഹെക്ടര്‍ ജനുവരിയോടെ വിപണിയില്‍ അവതരിക്കും. പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ ഉണ്ടാകും. പുതിയ ഹെക്ടര്‍ 25-27 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില പ്രതീക്ഷിക്കുന്നത്.
ഫോക്സ്വാഗന്‍ ടീഗ്വാന്‍ ഓള്‍സ്പേസ്
നവീകരിച്ച ട്വീഗ്വാന്‍ ഓള്‍സ്പേസ് ജനുവരിയില്‍ വിപണിയില്‍ എത്തും. ഫോക്സ് വാഗന്‍ ടീഗ്വാന്‍ 2022 മോഡലിന്റെ അതേ ഡിസൈനും എന്‍ജിനുമാണ് പുതിയ വാഹനത്തിലും ഉണ്ടാവുക. എന്നാല്‍ ഫീച്ചറുകളില്‍ മാറ്റം വരും.
ഫോഴ്സ് ഗൂര്‍ഖ
ഫോഴ്സിന്റെ അഞ്ച് ഡോറുകളുള്ള പുതിയ ഗൂര്‍ഖ അടുത്ത വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും. പഴയ ഗൂര്‍ഖയുടെ 2.6 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ തന്നെയാകും പുതിയ ഗൂര്‍ഖയ്ക്കും.
മഹീന്ദ്ര ബൊലേറോ നിയോ പ്ലസ്
നിലവിലുള്ള ബൊലേറോ നിയോയേക്കാള്‍ വലിപ്പം കൂടിയ നിയോ പ്ലസ് ആണ് അടുത്ത വര്‍ഷം വിപണിലെത്തുന്ന മറ്റൊരു എസ് യു വി. 7-9 സീറ്റുകളുള്ളതാവും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്. ഥാറിന്റെ അതേ എന്‍ജിനാകും നിയോ പ്ലസിനും.
ടൊയോട്ട ഫോര്‍ച്യൂണര്‍- നെക്സ് ജെന്‍
ഇന്ത്യയില്‍ ഏറെ വിറ്റഴിക്കപ്പെടുന്ന എസ് യു വിയാണ് ടൊയോട്ടയുടെ ഫോര്‍ച്യൂണര്‍. അടുത്ത വര്‍ഷം പകുതിയോടെ ഇതിന്റെ പുതിയ പതിപ്പ് കമ്പനി പുറത്തിറക്കിയേക്കും.