സബ്‌സ്‌ക്രിപ്ഷനിലൂടെ കാറുകള്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി ഫോക്‌സ്‌വാഗണ്‍
തെരഞ്ഞെടുത്ത മോഡലുകള്‍ക്കാണ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ബാധകം, അവ ഏതൊക്കെയാണെന്ന് അറിയാം
ഇന്ത്യയിലെ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിന് സബ്‌സ്‌ക്രിപ്ഷനിലൂടെ കാറുകള്‍ സ്വന്തമാക്കാനുള്ള പദ്ധതിയുമായി ഫോക്‌സ്‌വാഗണ്‍. ഒറിക്‌സ് ഓട്ടോ ഇന്‍ഫ്രാസ്ട്രക്ചര്‍ സര്‍വീസസ് ലിമിറ്റഡുമായി (ഒഎഐഎസ്) പങ്കുചേര്‍ന്നാണ് വോള്‍ഫ്‌സ്ബര്‍ഗ് ആസ്ഥാനമായുള്ള കമ്പനി സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതി അവതരിപ്പിച്ചത്. 16,500 രൂപ മുതലുള്ള പ്രതിമാസ സബസ്‌ക്രിപ്ഷന്‍ പദ്ധതിയിലൂടെ ഫോക്‌സ്‌വാഗണിന്റെ തെരഞ്ഞെടുത്ത മോഡലുകള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാനാകും. പോളോ, ടി-റോക്ക്, വെന്റോ തുടങ്ങിയ കാറുകള്‍ക്കാണ് സബ്‌സ്‌ക്രിപ്ഷന്‍ ബാധകമാവുക. വരാനിരിക്കുന്ന ഫോക്സ്വാഗണ്‍ ടൈഗണ്‍ എസ്യുവിയെ സബ്സ്‌ക്രിപ്ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സെപ്റ്റംബര്‍ 23 നാണ് ടൈഗണ്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
വിവരങ്ങള്‍ അനുസരിച്ച്, ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഫോക്‌സ്‌വാഗണ്‍ ഇതിനകം തന്നെ ഒഎഐഎസുമായി ഒരു ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. പ്രാരംഭ ഘട്ടത്തില്‍, ഡല്‍ഹി, മുംബൈ, പൂനെ, ചെന്നൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്, അഹമ്മദാബാദ് തുടങ്ങിയ ഏഴ് ഇന്ത്യന്‍ നഗരങ്ങളിലായിരിക്കും സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ ലഭ്യമാവുക. കൂടാതെ, സബ്‌സ്‌ക്രിപ്ഷനിലൂടെ വാങ്ങുന്ന വാഹനങ്ങള്‍ സ്വകാര്യ വാഹനങ്ങളായി മാത്രമേ ഉപയോഗിക്കാവൂ എന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
24, 36, 48 മാസ കാലയളവുകളില്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. ഫോക്സ്വാഗണ്‍ പോളോയ്ക്ക് 16,500 രൂപ മുതലാണ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ആരംഭിക്കുന്നത്. വെന്റോയുടെ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ 27,000 രൂപയ്ക്ക് തുടങ്ങുമ്പോള്‍ 59,000 രൂപ മുതലാണ് ടി-റോക്കിന് വേണ്ടിവരുന്നത്.