ഫോക്സ്വാഗണ്‍ ടൈഗണ്‍ ബുക്കിംഗ് അടുത്തമാസം മുതല്‍, സവിശേഷതകളിങ്ങനെ
ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യമോ ടൈഗണിന്റെ വില കമ്പനി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്
വാഹനപ്രേമികള്‍ ഏറെ നാളായി കാത്തിരിക്കുന്ന ഫോക്സ്വാഗണിന്റെ മിഡ് സൈസ് എസ്‌യുവിയായ ടൈഗണിന്റെ ബുക്കിംഗ് അടുത്തമാസം ആരംഭിച്ചേക്കും. MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം പുറത്തിറങ്ങുന്നത്. കഴിഞ്ഞ മാസം അവതരിപ്പിച്ച ടൈഗണിന്റെ സഹോദര മോഡലായ സ്‌കോഡ കുഷാഖിലും ഇതേ പ്ലാറ്റ്‌ഫോമായിരുന്നു ഉപയോഗിച്ചത്. ഡോറുകള്‍, റൂഫ്, ഗ്ലാസ്ഹൗസ് തുടങ്ങിയ ബോഡി പാര്‍ട്ടുകള്‍ രണ്ട് എസ്യുവികളിലും സമാനമാണ്. എങ്കിലും ടൈഗണിന്റെ അതിന്റേതായ സവിശേഷതയുണ്ട്. അതേസമയം, ടൈഗണിന്റെ ബുക്കിംഗ് അടുത്തമാസം ആരംഭിക്കുമെങ്കിലും ഓഗസ്റ്റ് അവസാനമോ സെപ്റ്റംബര്‍ ആദ്യമോ മോഡലിന്റെ വില കമ്പനി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബറോടെ ടൈഗണിനെ വിപണിയിലെത്തിക്കാനാണ് ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ ഒരുങ്ങുന്നത്.
ഫീച്ചേഴ്‌സിന്റെ കാര്യത്തില്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, മൈ ഫോക്സ്വാഗണ്‍ കണക്റ്റ് ആപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ടുകള്‍, വയര്‍ലെസ് ചാര്‍ജിംഗ് പാഡ് എന്നിവയും 10 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമാണ് ടൈഗണിലുണ്ടാവുക. കുശാക്കിനെ മറികടക്കുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണ് ഈ മോഡിലുള്ളത്. സുരക്ഷയ്ക്കായി ആറ് എയര്‍ബാഗുകള്‍, ESC (എല്ലാ ട്രിമ്മുകളിലും സ്റ്റാന്‍ഡേര്‍ഡ്), ടയര്‍ പ്രഷര്‍ ഡിഫ്‌ലേഷന്‍ മുന്നറിയിപ്പ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയും ടൈഗണിലൊരുക്കിയിട്ടുണ്ട്.
TSI എഞ്ചിന്‍ കുടുംബത്തില്‍ നിന്നുള്ള രണ്ട് ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ ഫോക്‌സ്‌വാഗണ്‍ ടൈഗണിന് നല്‍കും. ആദ്യത്തെ 1.0 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ 115 എച്ച്പി കരുത്തും 175 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുമ്പോള്‍ 1.5 ലിറ്റര്‍, നാല് സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ 150 എച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. രണ്ട് എഞ്ചിനുകളും സ്റ്റാന്‍ഡേര്‍ഡായി 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകളിലും ലഭ്യമാകും. എന്നിരുന്നാലും, അവര്‍ക്ക് വ്യത്യസ്ത ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭിക്കും. 1.0 ടിഎസ്‌ഐക്ക് 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറും 1.5 ടിഎസ്‌ഐക്ക് 7 സ്പീഡ് ഡിസിടി ഓട്ടോമാറ്റിക്കും ലഭിക്കും. പവര്‍ട്രെയിന്‍ ഓപ്ഷനുകള്‍ കുശാക്കിന് സമാനമാണ്. കുഷാഖിന് സമാനമായി 10.50 ലക്ഷം മുതല്‍ 17 ലക്ഷം രൂപ വരെയാണ് ടൈഗണിന്റെ വില പ്രതീക്ഷിക്കുന്നത്.