'മെയ്ഡ് ഇന്‍ ഇന്ത്യ' ഇവി എസ്‌യുവി അവതരിപ്പിച്ച് വോള്‍വോ
55.9 ലക്ഷം രൂപയാണ് ഈ മോഡലിന്റെ എക്‌സ്‌ഷോറൂം വില
പ്രദേശികമായി നിര്‍മിച്ച ഇലക്ട്രിക് എസ്യുവി അവതരിപ്പിച്ച് സ്വീഡിഷ് ആഡംബര വാഹന നിര്‍മാതാക്കളായ വോള്‍വോ കാര്‍ ഇന്ത്യ. എക്‌സ്‌സി 40 റീചാര്‍ജ് 55.9 ലക്ഷം രൂപയ്ക്കാണ് (എക്‌സ്-ഷോറൂം) ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ത്യയില്‍ തദ്ദേശീയമായി അസംബിള്‍ ചെയ്ത ആദ്യത്തെ ആഡംബര ഇലക്ട്രിക് വാഹനമാണിത്. ബംഗളൂരൂവിലെ പ്ലാന്റിലാണ് വോള്‍വോ കാര്‍ ഇന്ത്യ ഈ മോഡല്‍ അസംബിള്‍ ചെയ്തത്.
ബംഗളൂരുവില്‍ തദ്ദേശിയമായി നിര്‍മിച്ച ഈ മോഡലിന് ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ സാധിക്കുമെന്ന് വോള്‍വോ കാര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു. അതേസമയം, എക്‌സ്‌സി 40 റീചാര്‍ജിന്റെ വില്‍പ്പന പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കും. ജൂലൈ 27 മുതല്‍ വോള്‍വോ കാര്‍ ഇന്ത്യയുടെ വെബ്സൈറ്റില്‍ 50,000 രൂപ അടച്ച് ഉപഭോക്താക്കള്‍ക്ക് വാഹനം ബുക്ക് ചെയ്യാവുന്നതാണ്.
408 എച്ച്പി പവര്‍ ഉല്‍പ്പാദിപ്പിക്കുന്ന മോഡല്‍ വിവിധ സുരക്ഷാ ഫീച്ചറുകളോടെയാണ് വരുന്നത്. 2007-ല്‍ ഇന്ത്യയില്‍ പ്രവേശിച്ച വോള്‍വോയ്ക്ക് നിലവില്‍ രാജ്യത്തുടനീളം 22 ഡീലര്‍ഷിപ്പ് കേന്ദ്രങ്ങളുണ്ട്.