റുപേ കാര്‍ഡുകളില്‍ ഓഫ്‌ലൈന്‍ ഇടപാടുകള്‍; നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍

പരിമിതമായ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉള്ള പ്രദേശങ്ങളില്‍ പോലും ഓഫ്‌ലൈന്‍ ഇടപാടുകള്‍ സാധ്യമാക്കുന്ന സവിശേഷത വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ സഹായിക്കും. റീറ്റെയ്ല്‍ വില്‍പ്പനകള്‍ സുഗമമാക്കാനും ഇതിനു കഴിയും. കാര്‍ഡിന്റെ ഗുണങ്ങള്‍ അറിയാം.

Update: 2020-12-17 09:31 GMT

പരിമിതമായ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഉള്ള പ്രദേശങ്ങളില്‍ പോലും ഓഫ്‌ലൈന്‍ ഇടപാടുകള്‍ സാധ്യമാക്കുന്ന സവിശേഷതകള്‍ റുപേ കാര്‍ഡുകളില്‍ ഉള്‍പ്പെടുത്തി നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ). പരിമിതമായ നെറ്റ്വര്‍ക്ക് ഉള്ള പ്രദേശങ്ങളില്‍ പിഒഎസില്‍ (പോയിന്റ് ഓഫ് സെയില്‍) റുപേ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് കോണ്‍ടാക്റ്റ്ലെസ് ഓഫ്‌ലൈന്‍ പേയ്‌മെന്റുകള്‍ നടത്താമെന്നും എന്‍പിസിഐ അറിയിച്ചു.

റുപേ കോണ്‍ടാക്റ്റ്ലെസ് (ഓഫ്‌ലൈന്‍) രൂപത്തില്‍ വീണ്ടും ലോഡുചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള വാലറ്റുകളുടെ ഫീച്ചര്‍ ദൈനംദിന ചില്ലറ ഇടപാടുകള്‍ക്ക് സഹായകമാകുമെന്നും എന്‍പിസിഐ വ്യക്തമാക്കി. റീറ്റെയ്ല്‍ വില്‍പ്പനകള്‍ സുഗമമാക്കാനും ഇതിനു കഴിയും. രാജ്യമെമ്പാടുമുള്ള ചെറു സംരംഭകര്‍ക്കും ഇടപാടുകാര്‍ക്കും ഒരുപോലെ പ്രയോജനകരമാകുന്നതാണ് ഈ ഫീച്ചര്‍.
റുപേ കോണ്‍ടാക്റ്റ്ലെസ് (ഓഫ്‌ലൈന്‍) സൗകര്യം അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഇത് ഇടപാടുകളില്‍ മാറ്റം വരുത്തുമെന്നും ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവം പകരുമെന്നും എന്‍പിസിഐ, റുപേ & എന്‍എഫ്എസ് വിഭാഗം തലവന്‍ നളിന്‍ ബന്‍സാല്‍ അറിയിച്ചു.
രാജ്യത്തുടനീളമുള്ള വ്യാപാരികള്‍ക്ക് ഇത് ഗുണം ചെയ്യുമെന്നും കോണ്‍ടാക്റ്റ്ലെസ് ഇടപാടുകളുടെ പരിധി ഉയര്‍ത്താനുള്ള ഈ പ്രഖാപനത്തോടെ ഉപഭോക്താക്കള്‍ സാമ്പത്തിക സുരക്ഷയുടെ പുതിയൊരു തലത്തിലേക്ക് ഇന്ത്യന്‍ ജനത ഉയരുമെന്നും ഇത് ഡിജിറ്റല്‍ പേയ്മെന്റുകളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കാര്‍ഡിന്റെ പ്രധാന സവിശേഷതകള്‍

റുപേ കാര്‍ഡിലെ റീലോഡ് വാലറ്റ് ഉപഭോക്താക്കള്‍ക്ക് പിഒഎസ് മെഷീനുകളില്‍ കുറഞ്ഞ കണക്റ്റിവിറ്റി ആണെങ്കില്‍ പോലും തടസമില്ലാതെ ഇടപാടുകള്‍ ചെയ്യാന്‍ സഹായിക്കും.
റുപേ എന്‍സിഎംസി (നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ്) ഓഫ്ലൈന്‍ വാലറ്റ് ഉപയോഗിച്ച് മെട്രോകളിലും കാബുകളിലും മറ്റും ടിക്കറ്റ് പേയ്മെന്റുകള്‍ നടത്താം.
സാധാരണ കാര്‍ഡുകളേക്കാള്‍ വേഗത്തില്‍ ഇതിലൂടെ ഇടപാടുകള്‍ നടത്താം.
റീലോഡ് വാലറ്റ് ഉപഭോക്താക്കള്‍ക്ക് പിഒഎസ് മെഷീനുകളില്‍ കുറഞ്ഞ കണക്റ്റിവിറ്റി ആണെങ്കില്‍ പോലും തടസമില്ലാതെ ഇടപാടുകള്‍ സാധ്യമാക്കും.
ഉള്‍പ്രദേശങ്ങളിലും ബേസ്മെന്റുകളിലുമൊക്കെ ഇന്റര്‍നെറ്റ് വേഗം കുറയുന്നത് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് തടസമാണ്. എന്നാല്‍ ഓഫ്ലൈന്‍ പേയ്മെന്റുകളിലൂടെ ഈ പ്രശ്നത്തിന് പരിഹാരമാകുകയാണ്. ഈ സൗകര്യം ചെറുകിട വ്യാപാരികള്‍ക്ക് ആശ്വാസമാകും.



Tags:    

Similar News