എടിഎം ഇടപാടുകള്‍ സംബന്ധിച്ച് നിങ്ങള്‍ അറിയേണ്ട ഏറ്റവും പുതിയ 5 മാറ്റങ്ങള്‍

എടിഎം ഉപയോഗത്തിലെ എണ്ണം കൂടിയാല്‍ ഈടാക്കുന്ന ചാര്‍ജില്‍ വര്‍ധന. മറ്റ് ചില സേവനങ്ങളുടെ ഫീസും ഉയരുന്നു. അറിയാം.

Update: 2021-06-11 10:49 GMT

ബാങ്ക് സേവനങ്ങളുടെ ചാര്‍ജുകളില്‍ പുനക്രമീകരണം. എടിഎമ്മിലൂടെ പിന്‍വലിക്കുന്ന പണത്തിന്റെ ഓരോ അധിക തവണയ്ക്കും ഈടാക്കുന്ന ചാര്‍ജാണ് വര്‍ധിപ്പിക്കാന്‍ ആര്‍ബിഐ തീരുമാനമെടുത്തിട്ടുള്ളത്. ബാങ്ക് വാഗ്ദാനം ചെയ്യുന്ന ഓരോ സേവനങ്ങള്‍ക്കും ഒരു നിശ്ചിത തുക ഉപയോക്താക്കളില്‍ നിന്നും ബാങ്ക് ഈടാക്കുന്നുണ്ട്. നിശ്ചിത തവണയില്‍ കൂടുതല്‍ ഉപയോഗിക്കേണ്ടിവരുന്ന ഓരോ എടിഎം ഇടപാടിനും മുന്‍പ് 20 രൂപയായിരുന്ന ഫീസ് ഇപ്പോള്‍ 21 രൂപയായാണ് വര്‍ധിപ്പിച്ചത്.

ഇതാ പുതിയ ബാങ്ക് ഇടപാട് ചാര്‍ജ് മാറ്റങ്ങളും എടിഎം ഉപയോഗവും സംബന്ധിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങള്‍.
1. 5 സൗജന്യ എടിഎം ഇടപാടുകള്‍ക്കുള്ള ഇളവു തുടരും. അതായത് എടിഎമ്മിലൂടെ ആറാമത്തെ തവണ പണമിടപാട് നടത്തുമ്പോള്‍ ബാങ്ക് ഉപയോക്താക്കളില്‍ നിന്നും 21 രൂപ ഈടാക്കും. അധിക ചാര്‍ജായ 21 രൂപ ജനുവരി 2022 മുതല്‍ മാത്രമേ പ്രാബല്യത്തില്‍ വരൂ.
2. എടിഎം വഴിയുള്ള സാമ്പത്തികേതര ഇടപാടുകള്‍ക്കുള്ള (non-financial transactions) ഫീസ് 5 രൂപയില്‍ നിന്ന് 6 രൂപയായി സെന്‍ട്രല്‍ ബാങ്ക് ഉയര്‍ത്തി. പുതുക്കിയ നിരക്ക് 2021 ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
3. മറ്റു ബാങ്കുകളിലെ എടിഎമ്മുകള്‍ വഴി നടത്തുന്ന 3 ഇടപാടുകള്‍ സൗജന്യമാണ്. ഈ പരിധി കടന്നതിനിന് ശേഷമാണ് ഓരോ പിന്‍വലിക്കലുകള്‍ക്കും ചാര്‍ജ് ഈടാക്കുക.
4. ബാങ്കുകള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ക്ക് ഇന്റര്‍ചേഞ്ച് ഫീസ് 15 രൂപയില്‍ നിന്ന് 17 രൂപയായും വര്‍ധിപ്പിക്കാന്‍ തീരുമാനമായി.
5. സാമ്പത്തികേതര ഇടപാടുകള്‍ക്ക് 5 രൂപയില്‍ നിന്ന് 6 രൂപയായും വര്‍ധിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതിയുള്ളതായി സര്‍ക്കുലര്‍ പറയുന്നു.


Tags:    

Similar News