അറ്റാദായത്തില്‍ 60 ശതമാനത്തിലേറെ വളര്‍ച്ച നേടി ആക്സിസ്, ഐഡിബിഐ ബാങ്കുകള്‍

ബാങ്കിന്റെ റിസള്‍ട്ട് ഓഹരികളില്‍ വലിയ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്

Update:2023-01-24 11:45 IST

 image: @axisbank/fb ,idbibank/fb

നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തിലെ അറ്റാദായത്തില്‍ 62 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 5853 കോടി രൂപ രേഖപ്പെടുത്തി ആക്സിസ് ബാങ്ക്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3614 കോടി രൂപയായിരുന്നു. ബാങ്കിന്റെ റിസള്‍ട്ട് ഓഹരികളില്‍ വലിയ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്. നിലവില്‍ 2.59 ശതമാനം ഇടിഞ്ഞ് 908 രൂപയിലാണ് (11:00 am) ആക്സിസ് ബാങ്ക് ഓഹരികളുടെ വ്യാപാരം നടക്കുന്നത്.

ബാങ്കിന്റെ അറ്റ പലിശ വരുമാനം 32.4 ശതമാനം വര്‍ധിച്ച് 11,459 കോടി രൂപയായി. ബാങ്ക് അടിയന്തരഘട്ടങ്ങളിലേക്കായി മാറ്റിവച്ചിരിക്കുന്ന തുക മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം 8 ശതമാനം വര്‍ധിച്ച് 1,438 കോടി രൂപയായി. എന്നിരുന്നാലും ബാങ്കിന്റെ ആസ്തി ഗുണനിലവാരം മെച്ചപ്പെട്ടു. മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം മൊത്ത വായ്പകളുടെ 2.38 ശതമാനമായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3.17 ശതമാനമായിരുന്നു.

അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം മൊത്ത വായ്പകളുടെ 0.47 ശതമാനമായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 0.91 ശതമാനമായിരുന്നു. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം ഡിസംബര്‍ 31 വരെ 17.60 ശതമാനമായിരുന്നു. മുന്‍ പാദത്തില്‍ ഇത് 16.52 ശതമാനമായിരുന്നു. പ്രവര്‍ത്തനച്ചെലവുകളുടെ കാര്യത്തില്‍ സെപ്തംബര്‍ പാദത്തിലെ 14 ശതമാനം വര്‍ധനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിസംബര്‍ പാദത്തില്‍ ഇത് 8 ശതമാനം വര്‍ധിച്ചു.

ശക്തമായ വായ്പ വളര്‍ച്ചയില്‍ ഐഡിബിഐ ബാങ്കിന്റെ അറ്റാദായം 60 ശതമാനം ഉയര്‍ന്നു. ബാങ്ക് മുന്‍ പാദത്തിനെ അപേക്ഷിച്ച് അറ്റാദായം 12 ശതമാനം വര്‍ധിച്ച് 927 കോടി രൂപയാണ് രേഖപ്പെടുത്തിയത്. നിലവില്‍ 1.28 ശതമാനം ഇടിഞ്ഞ് 54.20 രൂപയിലാണ് (11:00 am) ഐഡിബിഐ ബാങ്ക് ഓഹരികളുടെ വ്യാപാരം നടക്കുന്നത്. ബാങ്കിന്റെ മൊത്ത വായ്പകള്‍ ഡിസംബര്‍ പാദത്തില്‍ 18 ശതമാനം ഉയര്‍ന്ന് 1.47 ലക്ഷം കോടി രൂപയായി.

ഐഡിബിഐ ബാങ്കിന്റെ വായ്പാ വളര്‍ച്ച മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 4.5 ശതമാനം വര്‍ധിച്ച് 2.32 ലക്ഷം കോടി രൂപയിലെത്തി. ബാങ്ക് അടിയന്തരഘട്ടങ്ങളിലേക്കായി മാറ്റിവച്ചിരിക്കുന്ന തുക 2.2 ശതമാനം ഇടിഞ്ഞ് 784.3 കോടി രൂപയായി. ഈ പാദത്തിലെ മൊത്തം നികുതി ചെലവ് 340 കോടി രൂപയാണ്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം ഇടിഞ്ഞതായി ഐഡിബിഐ ബാങ്ക് അറിയിച്ചു.

Tags:    

Similar News