പ്രവര്‍ത്തനച്ചെലവ് ഉയര്‍ന്നു, ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായത്തില്‍ ഇടിവ്

മൊത്ത വരുമാനം മുന്‍വര്‍ഷത്തെ 11,641 കോടി രൂപയില്‍ നിന്ന് 11,124 കോടി രൂപയായും കുറഞ്ഞു

Update: 2022-08-03 06:19 GMT

നടപ്പുസാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ പ്രവര്‍ത്തനച്ചെലവ് ഉയര്‍ന്നതിന് പിന്നാലെ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം ഇടിഞ്ഞു. മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 22 ശതമാനം ഇടിഞ്ഞ് 561 കോടി രൂപയായി. 2021 ജൂണില്‍ അവസാനിച്ച പാദത്തില്‍ 720 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം.

ഏപ്രില്‍-ജൂണ്‍ കാലയളവില്‍ മൊത്ത വരുമാനം മുന്‍വര്‍ഷത്തെ 11,641.37 കോടി രൂപയില്‍ നിന്ന് 11,124.36 കോടി രൂപയായും കുറഞ്ഞതായി ബാങ്ക് ഓഫ് ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. പ്രധാന പലിശ വരുമാനം ഈ പാദത്തില്‍ 7 ശതമാനം വര്‍ധിച്ച് 9,972.64 കോടി രൂപയിലെത്തി, മറ്റ് വരുമാനം 50 ശതമാനം കുറഞ്ഞ് 1,152 കോടി രൂപയായി.
പ്രവര്‍ത്തനച്ചെലവ് മുന്‍കാലയളവിനേക്കാള്‍ 12 ശതമാനം ഉയര്‍ന്ന് 2,715 കോടി രൂപയില്‍ നിന്ന് 3,041 കോടി രൂപയായി. 2022 ജൂണ്‍ അവസാനത്തോടെ മൊത്ത നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ) 9.30 ശതമാനമായി കുറഞ്ഞതിനാല്‍ ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ ആസ്തി നിലവാരം ഗണ്യമായി മെച്ചപ്പെടുത്തി. ഒരു വര്‍ഷം മുമ്പ് ഇത് 13.51 ശതമാനമായിരുന്നു.
ഇന്ന് രാവിലെ 10.30ന് 2.78 ശതമാനം ഇടിവോടെ 49.00 രൂപ എന്ന നിലയിലാണ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികള്‍ വിപണിയില്‍ വ്യാപാരം നടത്തുന്നത്.


Tags:    

Similar News