സിഎസ്ബിയുടെ തലപ്പത്ത് പ്രളയ് മൊണ്ടാല്‍

2020 സെപ്റ്റംബര്‍ 23 മുതല്‍ സിഎസ്ബിയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചുവരികയാണ് അദ്ദേഹം

Update:2022-09-16 16:59 IST

തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎസ്ബി ബാങ്കിന്റെ തലപ്പത്തേക്ക് പ്രളയ് മൊണ്ടാല്‍. ബാങ്കിന്റെ എംഡിയായും സിഇഒ ആയും അദ്ദേഹത്തെ നിയമിച്ചതായി ബാങ്ക് അറിയിച്ചു. 2022 സെപ്റ്റംബര്‍ 15 മുതല്‍ 2025 സെപ്റ്റംബര്‍ 14 വരെ മൂന്ന് വര്‍ഷത്തേക്കാണ് അദ്ദേഹത്തിന്റെ നിയമനം.

2020 സെപ്റ്റംബര്‍ 23നാണ് ആക്‌സിസ് ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, റീറ്റെയ്ല്‍ ബാങ്കിംഗ് വിഭാഗം മേധാവിയായിരുന്ന മോണ്ടാല്‍ സിഎസ്ബി ബാങ്കില്‍ ചേര്‍ന്നത്. റീട്ടെയില്‍, എസ്എംഇ, ഓപ്പറേഷന്‍സ് ആന്‍ഡ് ഐടി വിഭാഗം മേധാവിയായാണ് അദ്ദേഹം സിഎസ്ബിയില്‍ ചുമതലയേറ്റത്. തുടര്‍ന്ന് 2022 ഫെബ്രുവരി 17 മുതല്‍ ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി നിയമിതനായി. ബാങ്കില്‍ റെഗുലര്‍ മാനേജിംഗ് ഡയറക്ടറുടെയും സിഇഒയുടെയും അഭാവത്തില്‍ 2022 ഏപ്രില്‍ 1 മുതല്‍ ഇന്നുവരെ ഇടക്കാല മാനേജിംഗ് ഡയറക്ടര്‍ പദവിയും വഹിക്കുകയായിരുന്നു.

ആക്സിസ് ബാങ്കില്‍ ജോലിയില്‍ പ്രവേശിക്കും മുമ്പ് യെസ് ബാങ്കിനൊപ്പമായിരുന്നു മൊണ്ടാല്‍ യെസ് ബാങ്കിന്റെ റീറ്റെയ്ല്‍ വിഭാഗം വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ സുസജ്ജമാക്കുന്നതില്‍ നിര്‍ണായക പങ്കാണ് മൊണ്ടാല്‍ വഹിച്ചത്. എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിപ്രോ ഇന്‍ഫോടെക്, കോള്‍ഗേറ്റ് പാമോലീവ് എന്നീ കോര്‍പ്പറേറ്റുകളിലും പ്രവര്‍ത്തിച്ച അനുഭവ സമ്പത്ത് മൊണ്ടാലിനുണ്ട്.

Tags:    

Similar News