ശതാബ്ദി വര്‍ഷത്തില്‍ സിഎസ്ബി ബാങ്കിന് റെക്കോര്‍ഡ് അറ്റാദായം; ഓഹരി വിലയില്‍ മുന്നേറ്റം

2020-2021 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് അറ്റാദായം നേടി സിഎസ്ബി ബാങ്ക്. ഓഹരി വിലയിലും മുന്നേറ്റം

Update: 2021-05-10 06:31 GMT

2020 - 21 സാമ്പത്തിക വര്‍ഷത്തില്‍ റെക്കോര്‍ഡ് അറ്റാദായം നേടി സിഎസ്ബി ബാങ്ക്. 218.40 കോടി രൂപയാണ് അറ്റാദായം. ഇത് ബാങ്കിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നേട്ടമാണ്. നൂറ് വര്‍ഷത്തിന്റെ നിറവില്‍ നില്‍ക്കുന്ന സിഎസ്ബി ബാങ്ക് തിളക്കമാര്‍ന്ന ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്.

2019- 20 സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം 12.72 കോടി രൂപയായിരുന്നു. 1617 ശതമാനം വര്‍ധനയാണ് അറ്റാദായത്തിലുണ്ടായിരിക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തിലും ബാങ്ക് തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. തൊട്ടുമുന്‍വര്‍ഷം ഇതേകാലയളവില്‍ 59.7 കോടി രൂപ നഷ്ടമായിരുന്നുവെങ്കില്‍ 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ നാലാംപാദത്തില്‍ 42.89 കോടി രൂപ ലാഭം നേടി.

പ്രവര്‍ത്തന ലാഭത്തിലും തിളക്കമാര്‍ന്ന നേട്ടം കൈവരിക്കാന്‍ ബാങ്കിന് സാധിച്ചു. 2021 സാമ്പത്തിക വര്‍ഷത്തില്‍, തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 119 ശതമാനം അധികം പ്രവര്‍ത്തന ലാഭമുണ്ടാക്കാന്‍ ബാങ്കിന് സാധിച്ചു. 613.21 കോടി രൂപയാണ് പ്രവര്‍ത്തനലാഭം. തൊട്ടുമുന്‍വര്‍ഷം ഇത് 280.58 കോടി രൂപയായിരുന്നു. 2021 സാമ്പത്തിക വര്‍ഷത്തിലെ അവസാനപാദത്തില്‍, തൊട്ടുമുന്‍വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ പ്രവര്‍ത്തന ലാഭത്തില്‍ 21 ശതമാനം വര്‍ധനയുണ്ടായി.

അറ്റ പലിശ വരുമാനവും വര്‍ധിച്ചിട്ടുണ്ട്. തൊട്ടുമുന്‍പത്തെ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2021 സാമ്പത്തിക വര്‍ഷത്തില്‍ അറ്റപലിശ വരുമാനം 59 ശതമാനം വര്‍ധിച്ചത്. പലിശേതര വരുമാനത്തില്‍ 81 ശതമാനം വര്‍ധനയും ഉണ്ടായി.

ബാങ്കിന്റെ നിഷ്‌ക്രിയാസ്തിയിലും കുറവുണ്ട്. പ്രൊവിഷന്‍ കവറേജും ബാങ്ക് കൂട്ടിയിട്ടുമുണ്ട്.

ബാങ്കിന്റെ മൊത്തം നിക്ഷേപം 21 ശതമാനം വര്‍ധിച്ചപ്പോള്‍ വായ്പയില്‍ 27 ശതമാനം വര്‍ധനയാണുണ്ടായിരിക്കുന്നത്. സ്വര്‍ണപ്പണയ വായ്പ മാത്രം 61 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. ബാങ്കിന്റെ മൊത്തം ബിസിനസ് വാര്‍ഷികാടിസ്ഥാനത്തില്‍ 24 ശതമാനം വര്‍ധിച്ചു.

മികച്ച ഫലം പുറത്തുവിട്ടതിനെ തുടര്‍ന്ന് ഇന്ന ഓഹരി വിപണിയിലും സിഎസ്ബി ബാങ്ക് ഓഹരി വില മുന്നേറുകയാണ്. വ്യാപാര ആരംഭത്തില്‍ ഒന്‍പത് ശതമാനത്തിലേറെ വര്‍ധന ഓഹരി വിലയിലുണ്ടായി.


Tags:    

Similar News