ഡിജിറ്റല്‍ വായ്പകളില്‍ 147% വളര്‍ച്ച
റിസര്‍വ് ബാങ്ക് നിയന്ത്രണം കടുപ്പിച്ചിട്ടും ഡിജിറ്റല്‍ വായ്പയ്ക്ക് സ്വീകാര്യതയേറുന്നു
ഇന്ത്യയില്‍ ഡിജിറ്റല്‍ വായ്പകള്‍ക്ക് സ്വീകാര്യത കൂടുന്നതായി ഫിന്‍ടെക് അസോസിയേഷന്‍ ഓഫ് കണ്‍സ്യൂമര്‍ എംപവര്‍മെന്റിന്റെ (ഫേസ്) റിപ്പോര്‍ട്ട്. കഴിഞ്ഞപാദത്തില്‍ (ഒക്ടോബര്‍-ഡിസംബര്‍) ഡിജിറ്റല്‍ വായ്പകളുടെ എണ്ണം 147 ശതമാനം ഉയര്‍ന്ന് 1.83 കോടി രൂപയായി. വായ്പകളുടെ മൂല്യം 118 ശതമാനം വര്‍ദ്ധിച്ച് 18,540 കോടി രൂപയിലുമെത്തി.
നിയന്ത്രണങ്ങള്‍ക്കിടയിലും വളര്‍ച്ച
സുതാര്യതക്കുറവ്, നീതീകരിക്കാനാവാത്ത പ്രോസസിംഗ് ഫീസും കനത്ത പലിശനിരക്കും, ഉപയോക്തൃ സുരക്ഷിതത്വമില്ലായ്മ തുടങ്ങി ഒട്ടേറെ പരാതികള്‍ ഡിജിറ്റല്‍ വായ്പാ വിതരണക്കാര്‍ക്ക് എതിരെ ഉയര്‍ന്ന പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.
ഇടപാടുകളില്‍ സുതാര്യത വേണമെന്നും കെ.വൈ.സി കാര്യക്ഷമമാക്കണമെന്നും ഉപയോക്തൃ സുരക്ഷ മെച്ചപ്പെടുത്തണമെന്നും റിസര്‍വ് ബാങ്കിന്റെ പുതിയ മാനദണ്ഡങ്ങള്‍ വ്യക്തമാക്കിയിരുന്നു. കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും കഴിഞ്ഞപാദത്തില്‍ ഡിജിറ്റല്‍ വായ്പകള്‍ക്ക് ആവശ്യക്കാരേറി. എന്നാല്‍, ശരാശരി വായ്പാ വിതരണം (ആവറേജ് ടിക്കറ്റ് സൈസ്) കുറഞ്ഞു. 8546 രൂപയില്‍ നിന്ന് 8148 രൂപയായാണ് കുറഞ്ഞത്.