ഫെഡറല്‍ ബാങ്ക്: നാലാംപാദ അറ്റാദായത്തില്‍ 59 ശതമാനം വര്‍ധന

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 478 കോടി രൂപ

Update:2021-05-17 17:18 IST

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ 478 കോടി രൂപ അറ്റാദായം നേടി ഫെഡറല്‍ ബാങ്ക്. അതിനു മുമ്പത്തെ വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 301 കോടി രൂപയായിരുന്നു. മാത്രമല്ല, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദത്തിനേക്കാള്‍ കൂടുതല്‍ അറ്റാദായം നാലാംപാദത്തില്‍ നേടാന്‍ ബാങ്കിന് സാധിച്ചു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നാംപാദത്തില്‍ 404 കോടി രൂപയായിരുന്നു അറ്റാദായം.

ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയാസ്തിയില്‍ വര്‍ധനയുണ്ട്. 2021 മാര്‍ച്ചിലെ മൊത്ത നിഷ്‌ക്രിയാസ്തി 3.41 ശതമാനമാണ്. തൊട്ടുമുന്‍വര്‍ഷം ഇതേ കാലത്ത് 2.84 ശതമാനമായിരുന്നു. അതേസമയം അറ്റ നിഷ്‌ക്രിയാസ്തി കഴിഞ്ഞ വര്‍ഷത്തെ 1.31 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം 1.19 ശതമാനമായി കുറഞ്ഞു.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിന്റെ അറ്റാദായം മൂന്നുശതമാനം വര്‍ധിച്ച് 1,590 കോടി രൂപയായി. ഈ വര്‍ഷത്തില്‍ ബാങ്കിന്റെ വരുമാനത്തിലും വര്‍ധനയുണ്ടായി. ഓഹരിയുടമകള്‍ക്ക് 35 ശതമാനം ഡിവിഡന്റ് നല്‍കാനും ബോര്‍ഡ് തീരുമാനിച്ചതായി ബാങ്ക് റഗുലേറ്ററി ഫയലിംഗില്‍ പറയുന്നു.


Tags:    

Similar News