നികുതിയും ബാങ്കിംഗ് നിരക്കുകളുമുള്‍പ്പെടെ ഇന്നുമുതല്‍ നടപ്പിലാകുന്ന 5 പ്രധാന മാറ്റങ്ങള്‍ അറിയാം
ലൈസന്‍സ് മുതല്‍ ഗ്യാസ് കണക്ഷന്‍ വരെ, നിങ്ങളെ ബാധിക്കുന്ന ദൈനംദിന സാമ്പത്തിക കാര്യങ്ങളിലെ പുതിയ മാറ്റങ്ങള്‍ അറിയാം.
ജൂലായ് ഒന്നുമുതല്‍ ബാങ്കിംഗ്, നികുതി കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ മേഖലകളില്‍ നിര്‍ണായക മാറ്റങ്ങള്‍. പുതിയ എടിഎം ചട്ടം മുതല്‍ ഗ്യാസ് കണക്ഷനും ലൈസന്‍സും ഉള്‍പ്പെടും നടപ്പിലാകുന്ന ഈ മാറ്റങ്ങളില്‍. ടിഡിഎസ് (ഉറവിടത്തില്‍ പിടിക്കുന്ന നികുതി) നിയമത്തില്‍ വരെ ഭേദഗതി വന്നിരിക്കുന്നു. ഇന്ന് തൊട്ട് രാജ്യത്ത് പാചകവാതക വിലയും വര്‍ധിക്കും. നിങ്ങളുടെ കുടുംബ ബജറ്റിനെ ബാധിക്കുന്ന സാധാരണക്കാരന്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട അഞ്ച് മാറ്റങ്ങള്‍ ഇവയാണ്.
1. എസ്ബിഐ. ഐഡിബിഐ ബാങ്ക് നിരക്ക് മാറ്റങ്ങള്‍
നേരത്തെ തന്നെ നടത്താനിരുന്ന ചില ബാങ്കിംഗ് മാറ്റങ്ങള്‍ എസ്ബിഐ ഇന്നുമുതല്‍ നടപ്പാക്കുന്നു. സൗജന്യമായി ലഭിക്കുന്ന ബാങ്ക് ട്രാന്‍സാക്ഷനുകളുടെ എണ്ണം പ്രതിമാസം 4 ആയി എസ്ബിഐ ചുരുക്കി. എടിഎം ഇടപാടുകളും വിത്‌ഡ്രോവല്‍ ഫോമിലൂടെയുള്ളവയും ഇതില്‍ ഉള്‍പ്പെടും.അഞ്ചാം തവണ മുതല്‍ ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും ബാങ്ക് ഈടാക്കും. ചെക്ക് ബുക്കിലും ഇനി മുതല്‍ ഒരോ സാമ്പത്തിക വര്‍ഷവും 10 ചെക്ക് ലീഫുകള്‍ അടങ്ങുന്ന ചെക്ക്ബുക്ക് മാത്രമേ ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ക്ക് എസ്ബിഐ സൗജന്യമായി നല്‍കൂ. കൂടുതല്‍ ചെക്ക്ബുക്ക് വേണമെന്നുള്ളവര്‍ക്ക് പണമടച്ച് വാങ്ങാം.
ഐഡിബിഐ ബാങ്കും ബാങ്ക് നിരക്കുകള്‍ കൂട്ടി. ഇനി മുതല്‍ ഒരു സാമ്പത്തിക വര്‍ഷം 20 ചെക്കലീഫുകള്‍ മാത്രമേ ബാങ്ക് സൗജന്യമായി നല്‍കുകയുള്ളൂ. കൂടുതല്‍ ചെക്ക്‌ലീഫുകള്‍ വേണമെന്നുള്ളവര്‍ക്ക് 5 രൂപ അധികം വീതം പണമടച്ച് വാങ്ങണം.
ഇതേസമയം, 'സബ്കാ സേവിങ്സ് അക്കൗണ്ട്' പദ്ധതിക്ക് കീഴിലുള്ള ഉപഭോക്താക്കള്‍ക്ക് ബാങ്ക് സൗജന്യമായി ചെക്ക്ബുക്കുകള്‍ ലഭ്യമാക്കും. ഇത് കൂടാതെ ഇന്ന് മുതല്‍ സേവിംഗ്സ് അക്കൗണ്ട് നിരക്കുകളും ലോക്കര്‍ നിരക്കുകളും ഐഡിബിഐ ബാങ്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. ബാങ്കുകളുമായി ബന്ധപ്പെടാം.
2. പാചകവാതക വില വർധനവ്
ജൂലായ് ഒന്നു മുതല്‍ പാചകവാതക വിലയിലും വര്‍ധനവ് നടപ്പാക്കും. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് വ്യാഴാഴ്ച്ച കൂടിയത്. വാണിജ്യ സിലിണ്ടറുകള്‍ക്ക് 80 രൂപയും വര്‍ധിച്ചു. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ പുതുക്കിയ വില 841.50 രൂപയായി. വാണിജ്യ സിലിണ്ടറുകള്‍ക്ക് വില 1,550 രൂപയുമായി.
3. ടിഡിഎസ് പിടിക്കൽ
ഇക്കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് ഉയര്‍ന്ന ടിഡിഎസ് (ഉറവിടത്തില്‍ പിടിക്കുന്ന നികുതി) ചുമത്താന്‍ ആദായ നികുതി വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
4. ഐ എഫ് എസ് സി മാറ്റം
കാനറ ബാങ്കുമായി സിന്‍ഡിക്കേറ്റ് ബാങ്ക് ലയിച്ച സാഹചര്യത്തില്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ഐ എഫ് എസ് സി കോഡുകള്‍ ജൂലായ് 1 മുതല്‍ പൂര്‍ണമായും മാറി. സിന്‍ഡിക്കേറ്റ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് കാനറ ബാങ്കിന്റെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ട് പുതിയഐ എഫ് എസ് സി കോഡുകള്‍ നേടാം. യൂണിയന്‍ ബാങ്കുമായി ലയിച്ച കോര്‍പ്പറേഷന്‍ ബാങ്ക്കാര്‍ക്കും പുതിയ ഐ എഫ് എസ് സി കോഡ് വരും. ബാങ്കുകളുമായി ബന്ധപ്പെടുക.
5. ഡ്രൈവിംഗ് ലൈസന്‍സ് പരീക്ഷ
നേരത്തെ അറിയിച്ച വിവരം പ്രകാരം ജൂലായ് ഒന്നു മുതല്‍ ലേണേഴ്സ് ലൈസന്‍സ് കിട്ടാന്‍ ആര്‍ടിഓ ഓഫീസില്‍ ചെല്ലേണ്ട ആവശ്യമില്ല. വീട്ടിലിരുന്നുതന്നെ ഓണ്‍ലൈന്‍ ടെസ്റ്റ് നടത്താം. പരീക്ഷ പാസാവുകയാണെങ്കില്‍ ലേണേഴ്സ് ലൈസന്‍സ് തല്‍ക്ഷണം വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്.