എല്‍ഐസി ഐപിഒ ഏപ്രില്‍ അവസാനം ? പ്രഖ്യാപനം ഉടന്‍
കേന്ദ്ര മന്ത്രിമാരുടെ ഉന്നത തല പാനല്‍ നിര്‍ദ്ദേശം അംഗീകരിച്ചതായാണ് വിവരം
എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്‍പ്പന ( LIC IPO- ഐപിഒ) ഏപ്രില്‍ അവസാനത്തോടെ നടന്നേക്കും. കേന്ദ്ര മന്ത്രിമാരുടെ ഉന്നത തല പാനല്‍ ഏപ്രില്‍ പകുതിക്ക് ശേഷം ഐപിഒ നടത്താം എന്ന നിര്‍ദ്ദേശം അംഗീകരിച്ചതായാണ് വിവരം. ധനമന്ത്രി നിര്‍മല സീതാരാമന്‍, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, വ്യവസായ മന്ത്രി പീയുഷ് ഡോയല്‍ എന്നിവരടങ്ങുന്നതാണ് ഉന്നത തല പാനല്‍.
ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റിന്റെ (DIPAM-ഡീപാം) നേതൃത്വത്തില്‍ കേന്ദ്രം നിയമിച്ച സമിതി, വിപണി സാഹചര്യം ഐപിഒയ്ക്ക് അനുകൂലമാണെന്ന് അറിയിച്ചിരുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് വിപണിയിലുണ്ടായ തിരിച്ചടിയാണ് എല്‍ഐസി ഐപിഒ നീണ്ടുപോവാന്‍ കാരണം. സെബി നല്‍കിയ അനുമതി പ്രകാരം മെയ് 12 വരെ് എല്‍ഐസി ലിസ്റ്റ് ചെയ്യാന്‍ കേന്ദ്രത്തിന് സമയം ലഭിക്കും.
മെയ് 12ന് അപ്പുറത്തേക്ക് ഐപിഒ നീണ്ടാല്‍ വീണ്ടും സെബിയുടെ അനുമതി തേടേണ്ടിവരും. നിലവില്‍ ഡിപാമിന്റെ വിലയിരുത്തല്‍ പ്രകാരം Red Herring Prospectus (ആര്‍എച്ച്പി) സമര്‍പ്പിക്കാന്‍ എല്‍ഐസിക്ക് 10 ദിവസമെങ്കിലും വേണ്ടിവരും. ഐപിഒയുടെ സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാവും ആര്‍എച്ച്പി. ആങ്കര്‍ നിക്ഷേപകര്‍ക്ക് പണം സമാഹരിക്കുന്നതിന് 3-4 ദിവസത്തെ സമയം വേണ്ടി വരും. ഇക്കാര്യം കൂടി പരിഗണിച്ചാവും ഐപിഒ തീയതി പ്രഖ്യാപിക്കുകയെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
എല്‍ഐസിയുടെ ഐപിഒ നടക്കുന്നതിന് മുമ്പ് തന്നെ ഓഹരി വില പിടിച്ചു നിര്‍ത്താനുള്ള നീക്കവും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ട് . നിക്ഷേപകര്‍ക്ക് ആന്മവിശ്വാസം നല്‍കുന്നതിനും വില ഇടിയാതിരിക്കാനുമായി, ഐപിഒയ്ക്ക് ശേഷം കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് എല്‍ഐസിയുടെ കൂടുതല്‍ ഓഹരികള്‍ കേന്ദ്രം വിറ്റേക്കില്ല. ഐപിഒയിലൂടെ വില്‍ക്കുന്ന ഓഹരികളുടെ എണ്ണം കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തും. 5 ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നത്. ഇത് 5.5 മുതല്‍ 6 ശതമാനം ആയി ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഒരു ട്രില്യണിലധികം വിപണി മൂല്യമുള്ള കമ്പനികള്‍ ഐപിഒ നടത്തുമ്പോള്‍ കുറഞ്ഞത് 5,000 കോടി രൂപ മൂല്യമുള്ള 5 ശതമാനം ഓഹരികളെങ്കിലും വില്‍ക്കണമെന്നതാണ് രാജ്യത്തെ നിയമം. സെബിക്ക് നല്‍കിയ Draft Red Herring Prospectus (DRHP) പ്രകാരം 5 ശതമാനം അല്ലെങ്കില്‍ 316 മില്യണ്‍ ഓഹരികള്‍ വില്‍ക്കുമെന്നായിരുന്നു എല്‍ഐസി അറിയിച്ചിരുന്നത്. ആകെ 6.32 ബില്യണ്‍ ഓഹരികളാണ് എല്‍ഐസിക്ക് ഉള്ളത്.
5 ശതമാനത്തിലധികം ഓഹരികള്‍ വില്‍ക്കുകയാണെങ്കില്‍ ഇപ്പോള്‍ ലക്ഷ്യമിടുന്ന 63,000 കോടിയിലധികം രൂപ കേന്ദ്രത്തിന് എല്‍ഐസി ഐപിഒയിലൂടെ കണ്ടെത്താനാവും. അതായത് നടപ്പ് സാമ്പത്തിക വര്‍ഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്ന തുകയിലും അധികമായിരിക്കും എല്‍ഐസി ഐപിഒയിലൂടെ മാത്രം ലഭിക്കുക. 2022-23 കാലയളവില്‍ ഓഹരി വില്‍പ്പനയിലൂടെ 65,000 കോടി രൂപ സമാഹരിക്കുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.