ഐസിഐസിഐ ബാങ്കില്‍ വായ്പയുണ്ടോ? പലിശ നിരക്ക് ഉയരും

ഭവനവായ്പ, വാഹന വായ്പ തുടങ്ങിയവയുടെ ഇഎംഐകള്‍ വര്‍ധിക്കും

Update:2022-07-06 17:34 IST

നിരക്ക് കുറയുന്നതിന്റെ കാലം മാറി ഇപ്പോള്‍ നിരക്കുയര്‍ത്തല്‍ സീസണിലാണ് ബാങ്കുകള്‍. നിക്ഷേപകര്‍ക്ക് അല്‍പ്പം സന്തോഷിക്കാമെങ്കില്‍ ലോണ്‍ എടുത്തവര്‍ക്ക് ഇത് അല്‍പ്പം പ്രയാസകരമാണ്. പലിശ ഉയരുമെന്നതിനാല്‍ തന്നെ. എച്ച്ഡിഎഫ്‌സി ഉള്‍പ്പെടെ പ്രധാന വായ്പാ ദാതാക്കളെല്ലാം പലിശ ഉയര്‍ത്തിയിട്ടുമുണ്ട്. ഐ സി ഐ സി ഐ (ICICI) ബാങ്കും വീണ്ടും വായ്പാ നിരക്ക് ഉയര്‍ത്തിയിരിക്കുകയാണ്.

എംസിഎല്‍ആര്‍ (MCLR) 20 ബേസിസ് പോയിന്റാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ മാസം ആദ്യം റിസര്‍വ് ബാങ്ക് (ഞആക) റിപ്പോ നിരക്കുകള്‍ 50 ബേസിസ് പോയിന്റുകള്‍ വര്‍ധിപ്പിച്ചതിന് ശേഷം മറ്റ് നിരവധി ബാങ്കുകളും അവരുടെ വായ്പാ പലിശ നിരക്ക് ഉയര്‍ത്തിയിരുന്നു. പുതുക്കിയ നിരക്കുകള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.
ഒറ്റ ദിവസത്തേക്കുള്ള വായ്പകളുടെ എംസിഎല്‍ആര്‍ നിരക്ക് 7.50 ശതമാനം ആക്കി ഉയര്‍ത്തി. ഒരു മാസം, ആറ് മാസത്തേക്കുള്ള എംസിഎല്‍ആര്‍ നിരക്കുകള്‍ യഥാക്രമം 7.50 ശതമാനം, 7.55 ശതമാനം എന്നിങ്ങനെയാക്കി വര്‍ധിപ്പിച്ചു. ആറ് മാസവും ഒരു വര്‍ഷവും കാലാവധിയുള്ള ഐസിഐസിഐ ബാങ്ക് എംസിഎല്‍ആര്‍ നിരക്കുകള്‍ യഥാക്രമം 7.70 ശതമാനവും 7.75 ശതമാനവുമാണ്.
ആര്‍ബിഐയുടെ പണ നയ യോഗത്തിന് ഒരാഴ്ച മുന്‍പ് ഐസിഐസിഐ ബാങ്ക് എംസിഎല്‍ആര്‍ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. രാജ്യത്ത് പണപ്പെരുപ്പം ഉയരുന്ന പശ്ചാത്തലത്തില്‍ ആര്‍ബിഐ റിപ്പോ നിരക്ക് 4.90 ശതമാനമായാണ് മാറ്റിയത്. വായ്പാ നിരക്ക് ഉയര്‍ത്തിയതോടെ പുതിയ വായ്പാ എടുക്കുന്നവര്‍ക്കും നിലവില്‍ വായ്പാ എടുത്തവര്‍ക്കും പലിശ നിരക്കുകള്‍ വര്‍ധിക്കും. ഭവനവായ്പ, വാഹന വായ്പ തുടങ്ങിയവയുടെ ഇഎംഐകള്‍ ഉയരും.


Tags:    

Similar News